കുറവിലങ്ങാട്: കുറവിലങ്ങാട് ബസ് സ്റ്റാൻഡിന് സമീപം വലിയതോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഗൃഹനാഥന്റേതു കൊലപാതകമെന്ന പോലീസ്.
ചിന്പനായിൽ തങ്കച്ച(57) നാണു മരിച്ചത്. സംഭവത്തിൽ ബസ് സ്റ്റാൻഡിൽ താമസിക്കുന്ന ഉഴവൂർ പുൽപ്പാറ കരിമാക്കീൽ ബിന്ദു (41)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് തങ്കച്ചനെ വലിയതോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ തോടിനു സമീപമിരുന്ന് തങ്കച്ചനും ബിന്ദുവും മദ്യപിച്ചിരുന്നു.
വഴക്കിനിടെ മരക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ചശേഷം തങ്കച്ചനെ തോട്ടിലേക്കു തള്ളിയിട്ടെന്നാണു ബിന്ദുവിന്റെ മൊഴി.
തങ്കച്ചൻ തോട്ടിൽ വീണതു സഹോദരിയോട് ബിന്ദു പറഞ്ഞിരുന്നു.ഇതിനിടെ, വൈകുന്നേരം നാലിന് തിരികെ എത്തി തങ്കച്ചൻ മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ വിവരം പുറത്തറിയിക്കുകയായിരുന്നു.
കടുത്തുരുത്തിക്കടുത്ത് താമസിക്കുന്പോൾ ഒരു യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ബിന്ദു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് പറയുന്നു.
വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്എച്ച്ഒ ഇ.എസ് സാംസണ്, എസ്ഐ ടി.ആർ ദീപു, സ്ക്വാഡ് അംഗങ്ങളായ എം.എൽ. വിജയപ്രസാദ്, സിനോയ്മോൻ തോമസ്, എഎസ്ഐമാരായ ബിജു തോമസ്, കെ.എം. ഷാജുമോൻ, കെ.ജി. ഷീജ, പി.സി. അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തങ്കച്ചന്റെ മൃതദേഹം സംസ്കരിച്ചു.