പെരുന്പാവൂർ: അടിമാലി സ്വദേശിനിയായ സ്ത്രീയെ ചെന്പറക്കിയിൽ റോഡരികിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്ഥിരതാമസമാക്കിയ ആക്രി വിൽപ്പനക്കാരൻ തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബാബു എന്ന് വിളിക്കുന്ന അയ്യപ്പ (61)നെയാണ് തടിയിട്ടപറന്പ് എസ്ഐ പി.എം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശിനി രാജമ്മയുടെ മകൾ ബിന്ദു (45) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ചെന്പറക്കി – പുക്കാട്ടുപടി റോഡിൽ ജാമിഅ ഗ്രൗണ്ടിന് സമീപം റോഡരികിൽ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് അയ്യപ്പനും ബിന്ദുവും താമസിച്ചിരുന്നത്.
വാടകക്കെട്ടിടത്തിന്റെ മുറിയിലും പുറത്തും രക്തക്കറ കണ്ടതിനെ തുടർന്നാണ് കൊല്ലപ്പെട്ട സ്ത്രീ പ്രതിക്കൊപ്പം താമസിച്ചിരുന്നയാളാണെന്ന് തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. തലയ്ക്കേറ്റ ആഘാതത്തെതുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് അടിമാലിയിൽ പുറന്പോക്കിൽ താമസിക്കുന്ന രാജമ്മയുടെ മകൾ ബിന്ദു ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനായത്. ബിന്ദു ഇവിടെ താമസിക്കുന്ന കാര്യം കെട്ടിട ഉടമയോ മറ്റോ അറിഞ്ഞിരുന്നില്ല.
10 വർഷം മുന്പ് ബിന്ദുവിന്റെ ഭർത്താവ് മരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയായി ജീവിച്ചുവരികയായിരുന്നു. ബിന്ദുവിന്റെ കൈത്തണ്ടയിൽ തന്റെ പേരിനൊപ്പം ഇതരസംസ്ഥാന തൊഴിലാളിയുടെ പേരും പച്ചകുത്തിയിരുന്നു.
എന്നാൽ പതിവായി ഭർത്താവായ ഇതരസംസ്ഥാന തൊഴിലാളി ഉപദ്രവിച്ചിരുന്നതുമൂലം മൂന്നാഴ്ച മുന്പാണ് ബിന്ദു പ്രതിയായ അയ്യപ്പനൊപ്പം താമസമാക്കിയത്. ഇടയ്ക്കിടെ ബിന്ദു മറ്റ് പുരുഷൻമാർക്കൊപ്പം പോകുന്നത് അയ്യപ്പൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇരുവരും തമ്മിൽ വാക്കേറ്റം മൂർച്ഛിച്ചതോടെ പ്രതി മുറിയിലുണ്ടായിരുന്ന കന്പികൊണ്ട് ബിന്ദുവിന്റെ തലയ്ക്ക് കുത്തിയ ശേഷം പിടിച്ചു തള്ളി. ഇതേതുടർന്ന് തല ഭിത്തിയിലിടച്ച് ബിന്ദു ബോധരഹിതയായി.
എന്നാൽ ബിന്ദുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രതി തയാറായില്ല. ചോരയൊലിച്ച് കിടന്ന ബിന്ദുവിനെ രണ്ടു ദിവസം മുറിയിൽ തന്നെ കിടത്തി. ബിന്ദുവിന് ചുറ്റും പാറ്റയേയും ഉറുന്പുകളേയും തുരത്താനുള്ള ചോക്ക് ഉപയോഗിച്ച് വരച്ചിട്ടിട്ട് ആക്രി വ്യാപാരത്തിന് പോയി വരികയായിരുന്നു പ്രതി പിന്നീടുള്ള ദിവസങ്ങളിൽ.
വ്യാഴാഴ്ചയോടെ ബിന്ദു മരിച്ചെന്ന് ഉറപ്പായപ്പോൾ പ്രതി തന്റെ സാധനങ്ങൾ രഹസ്യമായി പെരുന്പാവൂർ ഭാഗത്തേക്ക് മാറ്റി. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ വീണ്ടും മുറിയിലെത്തിയ പ്രതി തുണിയിൽ കെട്ടി മൃതദേഹം വലിച്ചിഴച്ച് റോഡരികിൽ തള്ളുകയായിരുന്നു.
പ്രതിയുടെ ഫോണ് നന്പറോ ഫോട്ടോയോ ഒന്നും തന്നെ ലഭിക്കാതിരുന്ന സാഹചര്യത്തിൽ ചെന്പറക്കിയിൽ പോലീസ് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധവും കൃത്യം നടത്തുന്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.