കോട്ടയം: യുവതീപ്രവേശനം സംബന്ധിച്ച 2018ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തനിക്കു വീണ്ടും ശബരിമല സന്ദർശനത്തിനു സൗകര്യം നൽകാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ഭൂമാത ബ്രിഗേഡ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി. സുരക്ഷ ഒരുക്കാൻ സാധിക്കില്ലെങ്കിൽ സർക്കാർ രേഖാമൂലം അത് തനിക്ക് എഴുതിനൽകാൻ തയാറാകണം.
ജനുവരി രണ്ടിന് യുവതികൾ ഉൾപ്പെട്ട വലിയൊരു സംഘമാണ് ശബരിമല കയറാൻ തീരുമാനിച്ചിരിക്കുന്നത്. ഒരിക്കൽ ശബരിമല സന്ദർശിച്ച സാഹചര്യത്തിൽ ആ സംഘത്തിൽ താൻ ഉൾപ്പെടണമെന്നു നിർബന്ധമില്ലെന്നും ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. തൃപ്തി ദേശായി സ്വന്തം താൽപര്യത്തിലാണ് രണ്ടാമതും ശബരിമലയ്ക്കു പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊച്ചിയിൽ തൃപ്തി വന്നതിനുശേഷമാണ് അവരോടൊപ്പം ചേർന്നത്. കൊച്ചയിൽ തനിക്കെതിരെ മുളകുപൊടിയല്ല രാസവസ്തുക്കളാണു പ്രയോഗിച്ചത്.
ഇന്നലെ കോട്ടയത്തെത്തിയ ബിന്ദുവിനു കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് പോലീസ് നൽകിയത്. ഇന്നലെ രാവിലെ ഒന്പതിനാണ് ഇവർ കോട്ടയത്തെത്തിയത്. ശബരിമലയ്ക്കു പോകാനാണു കോട്ടയത്ത് എത്തിയതെന്ന് ആഭ്യുഹം പരന്നതോടെ നിരവധി പേർ തിരുനക്കര സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടി. ഇതോടെയാണ് പോലീസ് സംഘം സുരക്ഷയ്ക്കെത്തിയത്. ഏറ്റുമാനൂരിലെ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ടു ഉൗട്ടി ലോഡ്ജിൽ ചേരുന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ബിന്ദു എത്തിയതെന്നു വെസ്റ്റ് പോലീസ് പറഞ്ഞു.