ചെറുതോണി: മുട്ടിനു താഴേക്ക് കൈയും കാലുമില്ലാതെ പിറന്ന ബിന്ദു വിധിയെ പഴിക്കാനോ പരിതപിക്കാനോ തയാറല്ല. അമ്മയ്ക്ക് തുണയാകാൻ ബിന്ദുവിനു ജീവിച്ചേ മതിയാകൂ.
ബൈസൻവാലി പഞ്ചായത്തിലെ മുട്ടുകാട് കുറ്റിയാനിക്കൽ രവിയുടെയും രുഗ്മിണിയുടെയും മകളാണ് 47-കാരിയായ ബിന്ദു.
നാലു ചുമരുകൾക്കുള്ളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർ വീട്ടിൽത്തന്നെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് ഉപജീവനം കഴിക്കുന്നത്.
ബിന്ദു ഒറ്റയ്ക്കല്ല അമ്മയുണ്ട് തുണയായി. 30 വർഷം മുൻപ് അമ്മയേയും അഞ്ചു പെണ്മക്കളേയും ഉപേക്ഷിച്ച് പടിയിറങ്ങിപ്പോയതാണ് അച്ഛൻ.
പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പറയുന്പോഴും അവരുടെ വാക്കുകളിൽ ഉറച്ച ആത്മവിശ്വാസമാണ്. വീട്ടിലെ മൂത്തയാളാണ് ബിന്ദു.
നാലു പെണ്മക്കളേയും രുഗ്മിണി കൂലിപ്പണിയെടുത്ത് നല്ല വിദ്യാഭ്യാസം നൽകി വിവാഹം ചെയ്തയച്ചു. ബിന്ദു നാലാം ക്ലാസുവരെ പഠിച്ചത് മുട്ടുകാട് വേണാട് സ്കൂളിലാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും പൂർത്തിയാക്കി. അവിടെ കോണ്‍വന്റിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണയിലായിരുന്നു ബിന്ദുവിന്റെ പഠനം.
പിന്നീട് ബൈസണ്‍വാലി എസ്എൻ കോളജിൽനിന്നും പ്രീഡിഗ്രിയും പാസായി. ഈ കുടുംബത്തിന് ആകെയുള്ള സന്പാദ്യം 10 സെന്റ് സ്ഥലവും ആശ്രയ പദ്ധതിയിലൂടെ ലഭിച്ച ഒരു വീടുമാണ്.
66-കാരിയായ മാതാവ് തൊഴിലുറപ്പിനു പോയാണു വീട്ടുചെലവ് നടത്തുന്നത്. നല്ലവരായ നാട്ടുകാരുടെ സഹായവും ലഭിക്കുന്നുണ്ട്.
ബിന്ദുവിന്റെ ജീവിതകഥ കേട്ട് മസ്കറ്റിലുള്ള ഒരു വിദേശ മലയാളി സംഭാവന ചെയ്തതാണ് ഫോട്ടോസ്റ്റാറ്റ് മെഷീൻ.വീട്ടിലെ നാലു ചുമരുകൾക്കുള്ളിലാണ് ബിന്ദുവിന്റെ ലോകം. വീട്ടിനകത്ത് മുട്ടിലിഴഞ്ഞാണ് നടപ്പ്.
നന്നായി ചിത്രം വരയ്ക്കാനും തുണിയിൽ ചിത്രപ്പണികൾ നടത്താനുമെല്ലാം ബിന്ദുവിന് നിഷ്പ്രയാസം കഴിയും.
ജീവിതം എങ്ങനെയെങ്കിലും ജീവിച്ചുതീർക്കണമെന്ന് പറയുന്നവർക്ക് ബിന്ദുവിന്റെ ജീവിതം ഒരു മാതൃകയാണ്