തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായത് ഇന്ത്യൻ കോഫീ ഹൗസ് പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ച ഓഫീസർ.
ജില്ലാ വ്യവസായ വികസന ഓഫീസർ ബിന്ദു എസ്. നായരാണ് ഒടുവിൽ അറസ്റ്റിലായത്. ഭരണസ്വാധീനം ഉപയോഗിച്ച് അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോഴാണ് അറസ്റ്റു ചെയ്തത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് മടിച്ചത് വിവാദങ്ങൾക്കും കാരണമായിരുന്നു.
ഇതേ തുടർന്നാണ് ഗത്യന്തരമില്ലാതെ ഇപ്പോൾ അറസ്റ്റു ചെയ്തത്. പതിനാല് ദിവസത്തേയ്ക്ക് ഇവരെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
തുക തിരിമറി നടത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. എന്നാൽ മന്ത്രിമാർ ഇടപെട്ട് സസ്പെൻഷൻ പിൻവലിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്ററായിരിക്കുന്പോഴാണ് ബിന്ദു തുക സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.
വ്യവസായകേന്ദ്രം ജനറൽ മാനേജരായിരുന്നു പരാതിക്കാരൻ. ഇന്ത്യൻ കോഫി ഹൗസ് പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചത് ഇവരെയായിരുന്നു.
കോഫീഹൗസ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി ഭരണം പിടിക്കാനായിരുന്നു അന്ന് സിപിഎം നീക്കം നടത്തിയത്. എന്നാൽ തൊഴിലാളികളുടെ പ്രതിഷേധവും ഹൈക്കോടതിയുടെ ഇടപെടലും വന്നതോടെ പിൻമാറേണ്ടി വന്നു.
ഏറെ വിവാദമായതായിരുന്നു കോഫീഹൗസ് സഹകരണ സംഘം പിടിച്ചെടുക്കുന്ന സംഭവം. വാർത്താപ്രാധാന്യം നേടിയ ഈ സംഭവത്തിന് ശേഷമാണ് പണം തിരിമറി പുറത്തായത്.
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് തൃശൂർ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയി നിയമിതയായശേഷമായിരുന്നു ക്രമക്കേട്.
ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്ബിഐ ശാഖയിൽ 22,80,000 രൂപ നിക്ഷേപിച്ചിരുന്നു.
ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇങ്ങനെ മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 2,97,687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമ്മോയിൽ പറയുന്നത്.
പണം തിരിമറി നടത്തിയതിന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ഹിയറിംഗിൽ പണം തിരിമറി നടത്തിയത് സമ്മതിക്കുകയും പലിശ സഹിതം തിരിച്ചടയ്ക്കാനും സമ്മതിച്ചിരുന്നു.
സസ്പെൻഷനിലിരിക്കെ പണം തിരിച്ചടയ്ക്കാതെ ഇവരെ തിരിച്ചെടുത്തു. പിന്നീട് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റി. പണം ഇവർ തിരിച്ചടച്ചുവെങ്കിലും പണം വകമാറ്റിയ നടപടി കുറ്റമാണെന്ന് കണ്ടെത്തി.