കൊച്ചി: ശബരിമല ദര്‍ശനം നടത്തുന്നതിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ കൊച്ചിയില്‍ പ്രതിഷേധം. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ശബരിമലയില്‍ പോകുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേത്തിയ സംഘത്തിനു നേരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ തൃപ്തി ദേശായിയുടെ സംഘത്തിലുള്ള ബിന്ദു അമ്മിണിക്ക് നേരെ ആക്രമണവുമുണ്ടായി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് പുനെയില്‍ നിന്നു കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ഭൂമാതാ ബ്രിഗേഡിലെ അഞ്ചംഗസംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് തൃപ്തിയോടൊപ്പമുള്ളത്. ഇതിനിടെ ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തി ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് സഹായം തേടാന്‍ സംഘം തീരുമാനിച്ചു.
പോലീസിനെ അറിയിക്കാതെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വച്ച് ബിന്ദു അമ്മിണി സംഘത്തോടൊപ്പം ചേര്‍ന്നു. രണ്ട് വാഹനത്തില്‍ ആലുവ എസ്പി ഓഫീസിലെത്തിയ ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് അറിയിച്ചതോടെ ഇവിടെ നിന്ന് കൊച്ചി സിറ്റി പോലീസ് കമ്മിണര്‍ ഓഫീസിലേക്ക് എത്തുകയായിരുന്നു.
ഇവിടെ എത്തിയ സംഘം പോലീസുമായി കൂടിക്കാഴ്ച നടത്തി. പോലീസ് സംരക്ഷണം നല്കുന്ന കാര്യത്തില്‍ ഏകദേശം ഒരു മണിക്കൂറോളം ചര്‍ച്ച നടന്നു. തുടര്‍ന്ന് നിലയ്ക്കലേക്ക് പുറപ്പെടാന്‍ തൃപ്തിയും സംഘവും രണ്ട് ഓണ്‍ലൈന്‍ ടാക്സികള്‍ ബുക്ക് ചെയ്തു. കമ്മിഷണര്‍ ഓഫീസില്‍ എത്തിയ കാറില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ ബിന്ദു അമ്മിണിയെ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍മാര്‍ പരസ്പരം ചര്‍ച്ച ചെയ്ത ശേഷം സര്‍വീസ് പോകില്ലെന്ന് അറിയിച്ചു കാറുമായി മടങ്ങി.
കറുത്ത വേഷത്തില്‍ മുഖം മറച്ചിരിക്കുകയായിരുന്ന തൃപ്തിയെ ഇവര്‍ തിരിച്ചറിഞ്ഞില്ല. യാത്ര തടസപ്പെട്ടതോടെ ബിന്ദു അമ്മിണിയടക്കം സംഘം വീണ്ടും കമ്മിഷണര്‍ ഓഫീസിലേക്ക് കയറി. തൃപ്തി ദേശായിയും സംഘവും എത്തിയ വിവരമറിഞ്ഞ് ശബരിമല കര്‍മ സമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. കൂടുതല്‍പ്പേര്‍ സ്ഥലത്തേക്ക് എത്തിയതോടെ എആര്‍ ക്യാമ്പില്‍ നിന്നും കൂടുതല്‍ ഫോഴ്സിനെ സ്ഥലത്ത് എത്തിച്ചു.
ഇതിനിടെ കമ്മീഷണര്‍ ഓഫീസിന് പുറത്തേക്കിറങ്ങിയ ബിന്ദു അമ്മിണിയും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിന്ദു അമ്മിണിയുടെ നേരെ പ്രതിഷേധക്കാരില്‍ ഒരാള്‍ മുളകു സ്പ്രേ പ്രയോഗിച്ചു. ഇതിനു പിന്നാലെ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. മുളകു സ്പ്രേ ആക്രമണത്തിന് ശേഷം കമ്മീഷണര്‍ ഓഫീസില്‍ നിന്നും പുറത്തിറക്കി മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയ്യേറ്റമുണ്ടായത്.
ബിന്ദുവിനെ പിന്നീട് പിങ്ക് പോലീസ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് തിരികെ കമ്മിഷണര്‍ ഓഫീസില്‍ എത്തിച്ച ബിന്ദുവിനെ കാറില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ തമ്പടിച്ചിരുന്ന പ്രവര്‍കര്‍ വീണ്ടും കൈയേറ്റം ചെയ്തു. പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും തനിക്ക് നേരെയുണ്ടായ ആക്രമത്തിന് ശേഷവും പോലീസ് നിഷ്ക്രിയമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുളകു സ്പ്രേ പ്രയോഗിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി എത്തിയ ശ്രീനാഥ് പത്മനാഭന് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്നും തങ്ങള്‍ക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നും ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും കര്‍മസമിതി വ്യക്തമാക്കി. തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മസമിതി പ്രവര്‍ത്തകരുടെ നിലപാട്. കൂടുതല്‍ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിന് മുമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഓഫീസിന് മുമ്പില്‍ നാമജപം നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിഷേധം ശക്തമായതോടെ ബിന്ദുവിനെ വീണ്ടും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിങ്ക് പോലീസിന്റെ കാറിലായിരുന്നു ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പോലീസ് ആശുപത്രിയുടെ പ്രധാന ഗേയിറ്റടക്കം പൂട്ടി സുരക്ഷ ശക്തമാക്കി. മുളക്സ്പ്രേ ഏറ്റ് ബിന്ദുവിന്റെ കണ്ണിന് പരിക്കേറ്റതായാണ് വിവരം.
കമ്മിഷണര്‍ ഓഫീസില്‍ തൃപ്തി ദേശായിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച തുടരുകയാണ്. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും പോകാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.
എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരില ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍, ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.
സംരക്ഷണമില്ല, മടങ്ങിപ്പോകണമെന്ന് പോലീസ്
കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കില്ലെന്ന് പോലീസ്. മണിക്കൂറോളം കമ്മിഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇക്കാര്യം ഔദ്യോഗിമായി പോലീസ് തൃപ്തി ദേശായിയെ അറിയിച്ചത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ ഇപ്പോള്‍ വിശാലബഞ്ചിന് വിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്കാനാവില്ലാണ് തൃപ്തിയെ അറിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിയിപ്പ് പോലീസ് നല്‍കിയിട്ടുള്ളത്. അതേസമയം, ശബരിമല സന്ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. തൃപ്തിക്കൊപ്പമുള്ള നാലുപേരും കമ്മീഷണര്‍ ഓഫീസില്‍ തുടരുകയാണ്. ഇവരെ വൈകാതെ പുറത്തേക്ക് കൊണ്ടുവരും.
സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാകും ചെയ്യുക. ഇതിനിടെ,ആശുപത്രിയില്‍ ചികിത്സയിലുള്ള ബിന്ദു അമ്മിണിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ എത്തിയാണ് മൊഴി എടുത്തത്. മുളകുപൊടി സ്പ്രേയേറ്റ് ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.