ചേർത്തല: ബിന്ദുവിന് എന്തോ അപായം സംഭവിച്ചുവെന്നാണ് വിശ്വാസിക്കുന്നതെന്നും അല്ലെങ്കിൽ ബിന്ദു ഇതിനോടകം രംഗത്തുവരുമായിരുന്നുവെന്നും സഹോദരൻ പ്രവീണ്‍ പറഞ്ഞു. ബിന്ദുവിനെന്തു സംഭവിച്ചുവെന്ന് അറിയാവുന്ന ഏകവ്യക്തി സ്ഥലഇടപാടുകാരനായ സെബാസ്റ്റ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേർത്തലയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പ്രവീണ്‍.
പോലീസ് അന്വേഷണം തുടങ്ങാൻ താമസിച്ചെങ്കിലും ഇതുവരെയുള്ള അന്വേഷണ തൃപ്തികരമാണ്. ബിന്ദുവിനെ കാണാതായതായി പ്രവീണ്‍കുമാറാണ് അഭ്യന്തരവകുപ്പിനു പരാതി നൽകിയത്. അന്വേഷണം നിർണായക ഘട്ടത്തിലായതോടെ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം പ്രകാരമാണ് ഇറ്റലിയിലായിരുന്ന പ്രവീണ്‍ നാട്ടിലെത്തയത്.തിരോധാനം അന്വേഷിക്കുന്ന നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി മൂന്നുമണിക്കോറോളം പ്രവീണിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
സെബാസ്റ്റ്യൻ പോലീസിനോടു പറഞ്ഞതെല്ലാം ആസൂത്രിതമായി സൃഷ്ടിച്ച കള്ളത്തരങ്ങളാണ്. എല്ലാത്തിനും പിന്നിൽ സെബാസ്റ്റ്യനാണ്. വർഷങ്ങളായി ഇയാൾ നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണ് ഇടപ്പള്ളിയിലെ വസ്തു തട്ടിപ്പും അനുബന്ധ നടപടികളും.ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു കാട്ടാൻ തന്നെ ഇയാൾ വർഷങ്ങളായി ശ്രമങ്ങൾ നടത്തുകയാണ്. 1999-ലാണ് താൻ സഹോദരിയെ അവസാനമായി കാണുന്നത്.
ജോലിതേടിയാണ് വിദേശത്തേക്കു പോയത്. അവിടെ എത്തിയപ്പോൾ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് നാട്ടിലേക്ക് എത്താനാതാതെ പോയത്. കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമാണു ബിന്ദുവുമായി ഉണ്ടായിരുന്നത്.
എന്നാൽ മാതാപിതാക്കൾ മരിച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ തനിക്കെതിരെ ബിന്ദു പോലീസ് സംരക്ഷണം തേടിയതു മുതൽ ബിന്ദുവിനു പിന്നിൽ നിന്നുമറ്റാരോ കളിതുടങ്ങിയിരുന്നതായാണ് സംശയമെന്നും പ്രവീണ്‍കുമാർ പറഞ്ഞു.
സഹോദരി അറിഞ്ഞ് ഇത്തരത്തിലൊന്നും ചെയ്യുകയില്ല. പിതാവ് പത്മനാഭപിള്ള രണ്ടാമതു തയ്യാറാക്കിയെന്നു പറയുന്ന വിൽപത്രത്തിലും സംശയങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇതും അന്വേഷിക്കണം.
സെബാസ്റ്റ്യന്റെ പ്രവർത്തനങ്ങൾ ദൂരൂഹമാണെന്നാണ് പ്രവീണ്‍ പറയുന്നത്.ഇതിനു പിന്നിലെ ശക്തികളെ പുറത്തു കൊണ്ടുവരണം. നിയമോപദേശകനായ സണ്ണിമാർക്കോസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി ജിസ്മോൻഎന്നിവരും പ്രവീണ്കുമാറിനൊപ്പമുണ്ടായിരുന്നു.