നെന്മാറ: ആരോടും പറയാൻ കഴിയാതെ ദുഃഖം ഉള്ളിലൊതുക്കി കഴിയുന്ന ബിന്ദുവിന് ഒറ്റ ആഗ്രഹമേ ഉള്ളൂ. തലചായ് ക്കാൻ മഴ നനയാത്ത ഒരു വീട്. മേൽക്കൂര തകർന്നു ചോർന്നൊലിക്കുന്ന വീഴാറായ വീട്ടിലാണ് ബധിരയും മൂകയും വിധവയുമായ ബിന്ദു കഴിയുന്നത്.
അയിലൂർ പാളിയമംഗലം ആനക്കല്ലിൽ ചോലയിൽ പരേതനായ വേലായുധന്റെ മകളാണ് ബിന്ദു (38). 13–ഉം ഒമ്പതും പ്രായമുള്ള രണ്ടുപെൺകുട്ടികളെ പോറ്റാൻ പാടുപെടുന്നതിനിടെ പുതിയ വീടു നിർമാണത്തെക്കുറിച്ച് ചിന്തിക്കാൻപോലും ഇവർക്കാകില്ല.
പാരമ്പര്യമായി ലഭിച്ച 65 വർഷം പഴക്കംചെന്ന വീട് ഏതുസമയത്തും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. തന്റെ ദയനീയാവസ്ഥ വിവരിച്ച് വീടുനന്നാക്കി കിട്ടാൻ അന്യരുടെ സഹായം തേടിപ്പോകാൻ ഇവർക്കാകില്ല.
പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബമാണെങ്കിലും അധികൃതരെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇവർക്കു കഴിയുന്നില്ല. വല്ലപ്പോഴും കിട്ടുന്ന കൂലിവേല മാത്രമാണ് ഇവരുടെ ആകെയുള്ള വരുമാനമാർഗം. രണ്ടുമക്കളുമൊത്ത് കഴിയുന്ന ബിന്ദുവിനെ സഹായിക്കാൻ നാട്ടുകാർ ആകുന്നതെല്ലാം ചെയ്തുവരുന്നു.
ദുരിതം നേരിൽ കണ്ട് ബോധ്യപ്പെട്ട നാട്ടുകാർ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുകയാണ്. ധനസഹായം ലഭ്യമാക്കാൻ നാട്ടുകാർ ചേർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജീന ചാന്ത്മുഹമ്മദ് രക്ഷാധികാരിയും പി. കൃഷ്ണൻ ചെയർമാനും ടി.ടി.തോമസ് കൺവീനറുമായി ബിന്ദുഭവന നിർമാണകമ്മിറ്റി രൂപീകരിച്ചു.
സ്വന്തമായി കെഎൽയു ഉള്ള ഭൂമി ബിന്ദുവിന്റെ പേരിൽ ഇല്ലെങ്കിലും പട്ടികജാതി വികസനവകുപ്പിൽ നിന്നും കിട്ടുന്ന പരമാവധി തുകകൊണ്ട് സ്ഥലവും വീടും തരപ്പെടുത്തി നല്കാനാണ് നീക്കമെന്ന് തോമസും ചാന്തുമുഹമ്മദും പറഞ്ഞു. ഇതിനായി അയിലൂർ യൂണിയൻ ബാങ്കിൽ അക്കൗണ്ടും തുടങ്ങി. നമ്പർ: 3395 0201 0016 953, ഐഎഫ്എസ് കോഡ്: യുബിഐഎൻ 053 3955. ഫോൺ.9495 018 365, 9961 562 087.