കുണ്ടറ: മെറിറ്റ് സീറ്റിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന സാമ്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കാൻ ബാങ്കുകളും സർക്കാരും തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
വർധിച്ച ഫീസ് ഇതര സാമ്പത്തിക ചെലവുകൾ മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടുന്ന സാമ്പത്തിക പരാധീനത ഉള്ള പല കുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടതായ സാഹചര്യമുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും അവർ പറഞ്ഞു.
മെറിറ്റ് സീറ്റിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച കേരളപുരം ശ്രീരാജ് ഭവനിൽ ആതിരയ്ക്ക് പൊതുജനങ്ങളിൽ നിന്നും കേരളപുരം വാർഡ് കമ്മിറ്റി സമാഹരിച്ച അമ്പതിനായിരം രൂപ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
പെരിനാട് ഗ്രാമപഞ്ചായത്തംഗം ബി. ജ്യോതിർനിവാസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, രഘു പാണ്ഡപുരം, അബ്ദുൽ റഷീദ്, എസ്. ജയകുമാർ, കെ.ബാബുരാജൻ, വൈ. ഷാജഹാൻ, ബിന്ദു ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.