കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളാല്‍ ജീവിതം വഴിമുട്ടി സമരത്തിനിറങ്ങിയ കര്‍ഷകരുടെ കണ്ണീർ മോദി സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കര്‍ഷക സമരങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്
അധികാരത്തില്‍ വന്ന് നാല് വര്‍ഷമായിട്ടും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗൗനിക്കാനോ, കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ന്യായമായ വില നല്‍കാനോ, കൃഷി നാശത്താല്‍ ആത്മഹത്യയിലേക്ക് എത്തിനില്‍ക്കുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനോ മോദി സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്ന കര്‍ഷക ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
മോദിയുടെ ഭരണം രാജ്യത്തെ കര്‍ഷക മേഖലയെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചു. കുത്തകകള്‍ക്കുവേണ്ടി കൃഷിയിടങ്ങളും കര്‍ഷക അധ്വാനവും കച്ചവടച്ചരക്കാക്കുന്ന നയമാണ് മോദി തുടരുന്നതെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് കാഞ്ഞിരവിള ഷാജഹാന് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ വിപിനചന്ദ്രന്‍, കെ.കെ.സുനില്‍കുമാര്‍, ആദിക്കാട് മധു, മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, മുട്ടമ്പലം രഘു, തുടങ്ങിയവര്‍ പ്രസംഗിച്ചു.