ഒറ്റപ്പാലം: മന്ത്രി എം.എം.മണിയെപ്പോലുള്ളവർ സ്ത്രീപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികത്തിന്റെ ഭാഗമായി പി. ബാലൻ നഗറിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എം.എം. മണിയെപ്പോലുള്ളവർക്കു വെള്ളവും വളവും കൊടുക്കുന്നതുകൊണ്ടാണ് സ്ത്രീവിരുദ്ധ പ്രസ്താവനകളും പ്രവൃത്തികളും ഇവർ ആവർത്തിക്കുന്നത്. ഇതുകൊണ്ടാണ് സ്ഥാനമാനങ്ങൾവരെ നഷ്ടപ്പെടേണ്ട അവസ്ഥ പാർട്ടിയിലുള്ളവർക്ക് ഉണ്ടായത്. കാമറക്കണ്ണിൽ ഒപ്പിയെടുത്ത സമരത്തെക്കുറിച്ച് അവിടെ നടന്നതു വേറെ പണിയാണ് തുടങ്ങി സഭ്യമല്ലാത്ത പ്രയോഗങ്ങൾ കേരളത്തിലെ സ് ത്രീകളോടു പ്രയോഗിക്കാൻ സ് ത്രീസമൂഹം അനുവദിക്കില്ല.
മഹിജയ്ക്കുനേരെ മണി നടത്തിയ പദപ്രയോഗങ്ങളും കേരളത്തിലെ മുഴുവൻ അമ്മമാരെയും വേദനിപ്പിച്ച വാക്കുകളാണ്. മണിയുടെ വാക്കുകളെ നാട്ടുശൈലിയാണെന്നു പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മണിയെ തിരുത്താനും ഉപദേശിക്കാനും തയാറാവാതെ അദ്ദേഹത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീകൾക്ക് അപമാനമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
മണിക്ക് മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ല. മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കാനുള്ള സമയം അതിക്രമിച്ചു. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരപരിപാടികളുമായി മഹിളാ കോണ്‍ഗ്രസ് മുന്നോട്ടുപോകും. സ്ത്രീപക്ഷ പ്രശ്നങ്ങളിൽ ഒരു നിലപാടു മാത്രമേ ഉള്ളൂ. മറ്റു വിവേചനങ്ങളൊന്നും ഇല്ല. സ്ത്രീകൾക്കു വേണ്ടിയുള്ള അവകാശങ്ങളുടെ പോരാട്ടങ്ങൾ നമുക്കു തുടങ്ങാം എന്ന പ്രതിജ്ഞ കൂടി മഹിളാ സമ്മേളനം എടുത്തു.
സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സ്ത്രീസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോണ്‍ഗ്രസ് വഹിച്ച പങ്ക് വളരെ വലുതാണ്. പതിറ്റാണ്ടുകൾക്കു മുൻപേ തന്നെ വളയിട്ട കൈകളിലേക്ക് അധികാരം കൈമാറാൻ കോണ്‍ഗ്രസ് മടിച്ചില്ല. നിരവധി ഉയർന്ന സ്ഥാനങ്ങളിൽ വനിതകൾക്ക് സാന്നിധ്യം നൽകിയതു കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. ഇതിന് ഉത്തമമാതൃകയാണ് ഇന്ദിരാജി. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് മഹിളകൾക്കു സ്ഥാനം നൽകി.
ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി, രാഷ്ട്രപതി ഇതെല്ലാം കോണ്‍ഗ്രസിന്റെ കാലഘട്ടങ്ങളിലാണ് ഉണ്ടായത്. വനിതകൾ കടന്നുവരുന്ന കാലഘട്ടത്തിനു വേണ്ടിയാണ് മഹിളാ കോണ്‍ഗ്രസ് പോരാടുന്നത്. സൗജന്യമല്ലാതെ ജന്മാവകാശമായി ലഭിക്കുന്നതുവരെ പോരാട്ടം നടത്തേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ഐ.കുമാരി അധ്യക്ഷയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, മുൻ വനിതാ കമ്മീഷനംഗം പ്രഫ. കെ.എ.തുളസി, ശാന്ത ജയറാം, ഓമന ഉണ്ണി, ശ്രീലജ വാഴക്കുന്നത്ത്, കെ.എ. ഷീബ എന്നിവർ പ്രസംഗിച്ചു. സി. സംഗീത സ്വാഗതവും രാജേശ്വരി ജയപ്രകാശ് നന്ദിയും പറഞ്ഞു.