പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു.
‘ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പോലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചുകയറി.
നാലു പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ചുപുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്’- ബിന്ദു കൃഷ്ണ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.