കരുനാഗപ്പള്ളി: പിണറായി വിജയന്റെ പോലീസ് വരാപ്പുഴ അക്രമ സംഭവ മോഡൽ കരുനാഗപ്പള്ളിയിലും നടപ്പിലാക്കിയതായി ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
മുൻകൂർ ജാമ്യം ഉണ്ടായിട്ടും കരുനാഗപ്പള്ളി കോഴിക്കോട് സെറ്റിൽമെന്റ് കോളനിയിൽ ഒറ്റത്തെങ്ങിൽ സൗന്ദനെ വീട്ടിൽ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്യുകയും ഓട്ടിസം ബാധിച്ച കുട്ടിയെ അർധരാത്രിയിൽ തനിച്ചാക്കി സൗന്ദനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതുൾപ്പെടെയുള്ള സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പോലീസുകാരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേത്യത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അവർ.
കേരളമൊട്ടാകെ പിണറായിയുടെ പോലീസ് നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ലോക്കപ്പിൽ വെച്ച് അവരെ കൊന്നൊടുക്കുകയും ചെയുന്നതിന്റെ അവസാനത്തെ ഇരയാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം.
എടപ്പാളിലെ സിനിമാതിയേറ്ററിൽ പത്ത് വയസുകാരിയെ കഴിഞ്ഞ ഏപ്രിൽ 18 ന് പീഡിപ്പിച്ച സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണ് പിണറായിയുടെ പോലീസ് കേസെടുക്കാൻ പോലും തയാറായത്. ഇത്തരം പ്രവർത്തികൾക്ക് സർക്കാരും പോലീസും കുട്ടുനിൽക്കുന്നത് നാടിന് തന്നെ നാണക്കേടാണെന്ന് അവർ പറഞ്ഞു.
കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നും ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപത്തു എസിപി വിനോദിന്റെ നേത്യത്വത്തിൽ ഉള്ള പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും നേതാക്കളും റോഡ് ഉപരോധിച്ചു.