ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ പിടിയിലായ ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ബിന്ദു പത്മനാഭന്റെ തിരോധാനവുമായി സെബാസ്റ്റ്യനു ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ശനിയാഴ്ച രാവിലെ എറണാകുളം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തോളമായി കാണാതായ കടക്കരപ്പള്ളി പത്മനിവാസിൽ ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ മുഖ്യപങ്കുള്ളതായി സംശയിച്ചിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിലൂടെയാണ് ബിന്ദുവിന്റെ തിരോധാനത്തിൽ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.
ബിന്ദുവും സെബാസ്റ്റ്യനുമായി പരിചയമുണ്ടായിരുന്നു. ഇടപ്പള്ളിയിലെ 11 സെന്റ് വസ്തു ബിന്ദുവും സെബാസ്റ്റ്യനും ചേർന്ന് 2007ൽ 14 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഇരുവരും ഏഴ് ലക്ഷം രൂപ വീതം നൽകി. എന്നാൽ ബിന്ദുവിന്റെ പേരിലാണ് പ്രമാണം ചെയ്തത്. പിന്നീട് വിൽപന നടത്തുന്നതിന് സെബാസ്റ്റ്യൻ പലതവണ ആവശ്യപ്പെട്ടിടും ബിന്ദു തയാറാവാതിരുന്നതോടെയാണ് ആധാരം നഷ്ടപ്പെട്ടതായി കാട്ടി പത്രപരസ്യം നൽകിയശേഷം വ്യാജമുക്ത്യാർ ചമച്ച് മറ്റൊരാൾക്ക് വിൽപന നടത്തിയത്.
പ്രമാണം ചെയ്യുന്നതിന് മുന്പ് രണ്ട് പേർക്ക് വസ്തു വിൽക്കുന്നതിനുള്ള കരാറും ഉണ്ടാക്കിയിരുന്നു. സെന്റിന് 13 ലക്ഷം പ്രകാരം 1.43 കോടി രൂപയ്ക്കാണ് ഇടപ്പള്ളിയിലെ വസ്തു വിറ്റത്. പിന്നീട് ബിന്ദു വന്നപ്പോൾ 44 ലക്ഷം രൂപ കൊടുത്തു. എന്നാൽ ഇത് പോരെന്നും പകുതി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടെങ്കിലും പിന്നീട് തരാമെന്ന് പറഞ്ഞു.
എന്നാൽ ബിന്ദു പലതവണ വന്നിട്ടും സെബാസ്റ്റ്യൻ ബാക്കി പണം കൊടുത്തില്ല. ഇത് ആവശ്യപ്പെട്ടാണ് ബിന്ദു പലതവണ വീട്ടിൽ വന്നിരുന്നതെന്നാണ് സെബാസ്റ്റ്യന്റെ മൊഴി. അതേസമയം ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യാവസ്ഥ പുറത്തുവരുമെന്നും പോലീസ് കരുതുന്നുണ്ട്.
എതായാലും ബിന്ദുവിന്റെ തിരോധാനം ഇപ്പോഴും അന്വേഷണസംഘത്തെ കുഴക്കുകയാണ്. ബിന്ദുവിനെ കണ്ടെത്തുന്നതിനായി ചെന്നൈയിലും ബംഗളൂരുവിലും കേരളത്തിലെയും വിവിധ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയിടങ്ങളിലുമെല്ലാം പോലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചെങ്കിലും ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.