ചേർത്തല: കോടികളുടെ സ്വത്തുക്കൾക്ക് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വസ്തു ഇടനിലക്കാരനെ പോലീസ് ചോദ്യം ചെയ്തു. അമ്മാവൻ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാളുടെ മൊഴി ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രേഖപ്പെടുത്തിയത്.
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ ബിന്ദു പത്മനാഭനെ (44) നാലുവർഷമായി കാണാനില്ലെന്നുകാട്ടി ഇറ്റലിയിലുള്ള സഹോദരൻ പി.പ്രവീണ്‍കുമാർ ആണ് പരാതി നൽകിയിരിക്കുന്നത്.ഇവരുടെ പേരിലുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കൈമാറ്റം ചെയ്തിരിക്കുന്നത് വ്യാജരേഖകളുണ്ടാക്കിയാണെന്നാണ് ആക്ഷേപം.
കാണാതാകുന്നതിനു മുന്‍പ് ബിന്ദു റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്നതായി ബന്ധക്കളോടു പറഞ്ഞിരുന്നു. പള്ളിപ്പുറം സ്വദേശിയായ വസ്തു ഇടനിലക്കാരനുമായി ചേർന്നായിരുന്നു ഇടപാടുകൾ.ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് വസ്തു ഇടപാടുകാരനായി മാറുകയായിരുന്നു.
ബിന്ദുവിന്റെ കൈകളിലെത്തിയ സ്വത്തുക്കളുടെ ഇടപാടുകൾ നടത്തിയിരുന്നത് ഇയാൾ വഴിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടുത്തകാലത്തായി ഇയാൾ സാന്പത്തികമായി വലിയനേട്ടങ്ങളുണ്ടാക്കിയത് നാട്ടിൽ ചർച്ചാവിഷയമാണ്. ഇക്കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
2003ലെ വസ്തു ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ 2013ൽ നടത്തിയ വസ്തു ഇടപാടും പരിശോധിക്കും. എരമല്ലൂർ സ്വദേശിനിയായ യുവതിയുടെ ഫോട്ടോ പതിച്ച് ബിന്ദുവെന്ന പേരിലാണ് കൈമാറ്റം നടന്നത്.
എരമല്ലൂർ സ്വദേശിനിയായ യുവതിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. വസ്തു ഇടപാടുകളിൽ ഹാജരാക്കിയ രേഖകളുടെ നിജസ്ഥിതിയും പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സഹോദരി ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്തംബർ 16നാണ് പ്രവീണ്‍കുമാർ ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്.
പരാതി നൽകിയിട്ട് അഞ്ചുമാസത്തോളം അന്വേഷണം നടത്താതിരുന്നത് കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടപ്പോഴാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഗൗരവമായ പരാതിയിൽ ആവശ്യമായ അന്വേഷണം നടത്താതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. കോടികൾ തിരിമറി നടന്നിട്ടുള്ള സംഭവത്തിനുപിന്നിൽ വൻ റാക്കറ്റുണ്ടെന്നാണ് സംശയം. യുവതിയുടെ പണം തട്ടിയെടുത്തശേഷം അവരെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് നല്കുന്ന സൂചന.