ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാർ റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതി ടി.മിനിയെ തെളിവെടുപ്പിനായി പോലീസ് സേലത്തേക്ക് കൊണ്ടുപോയി.
വ്യാജമായി നിർമിച്ച ഡ്രൈവിംഗ ലൈസൻസിൽ പറഞ്ഞിരിക്കുന്ന തമിഴ്നാട്ടിലെ വിലാസം ശരിയാണോയെന്ന് പരിശോധിക്കുന്നതിനും ഇത് എവിടെ വച്ചാണ് നിർമിച്ചതെന്ന് കണ്ടെത്തുന്നതിനും സഹായിച്ചവരെ മനസിലാക്കുന്നതിനുമാണ് മിനിയെ സേലത്തേക്ക് കൊണ്ടുപോയത്.
വ്യാജ മുക്ത്യാർ ചമച്ച കേസിലെ അന്വേഷണത്തിനായി നേരത്തെ രണ്ടു ദിവസത്തേക്ക് നൽകിയ കസ്റ്റഡി കാലാവധി ഇന്നലെ പൂർത്തിയായതോടെ വ്യാജ എസ്എസ്എൽസി, ഡ്രൈവിംഗ് ലൈസൻസുകളുടെ കേസുമായി ബന്ധപ്പെട്ട് കുത്തിയതോട് സിഐ നൽകിയ അപേക്ഷയിലാണ് ഒന്പതിന് രാവിലെ 11ന് വരെ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ട് ചേർത്തല കോടതി ഉത്തരവായത്.
ബിന്ദു പത്മനാഭന്റെ പേരിൽ സേലത്തെ ആർടി ഓഫിസിൽ നിന്നുള്ള തരത്തിൽ ഡ്രൈവിംഗ് ലൈസൻസും, എസ്എസ്എൽസി ബുക്കും ചമച്ച കേസിലെ രണ്ടാം പ്രതിയാണ് മിനി. വ്യാജ മുക്ത്യാർ ചമയ്ക്കുന്നതിന് പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയ മിനി സേലത്തെ ജോ.ആർടിഒ ഓഫിസിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി കാണിച്ചത്.
ഇതിലെ വിലാസം ബിന്ദുവിന്േറതായിരുന്നെങ്കിലും ഫോട്ടോ മിനിയുടേതായിരുന്നു. പിന്നീട് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നുമാണ് ബിന്ദുവിന്റെ പേരിൽ വ്യാജമായി നിർമിച്ച എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് ലഭിച്ചത്. അതേസമയം മുഖ്യപ്രതി സെബാസ്റ്റ്യന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നലെ തള്ളി.
ഇതേ തുടർന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്കാനുള്ള സാധ്യതയും ഉണ്ട്. ഇപ്പോൾ സെബാസ്റ്റ്യൻ ഒളിവിലാണ്. ഇയാളെ എത്രയുംവേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.