ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ ഇന്നലെയും പോലീസിന് കണ്ടെത്താനായില്ല. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻപോലീസാണ് ചെറിയ സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ നടത്തുന്നത്. കേരളത്തിലെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന സൂചനയെ തുടർന്ന് പോലീസ് നിരീക്ഷണവുമുണ്ട്.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ രണ്ടാംപ്രതി മിനിയെ കുത്തിയതോട് സിഐയുടെ നേതൃത്വത്തിൽ തെളിവെടുപ്പിനായി സേലത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയോടെ സേലത്തെത്തി. വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിച്ചത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായെത്തിച്ച മിനിയുമായി ഇന്ന് സേലത്തെ ആർടിഒ ഓഫീസിൽ തെളിവെടുപ്പ് നടത്തും.
ബിന്ദുവിന്റെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസിൽ മിനിയുടെ ഫോട്ടോയും തമിഴ്നാട്ടിലെ വിലാസവും കാണിച്ചിട്ടുണ്ട്. ഇതു വ്യാജമാണോയെന്ന് കണ്ടെത്തുന്നതിനാണ് പോലീസ് സേലത്തെത്തിയിരിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്ത ബിന്ദുവിന്റെ വ്യാജ എസ്എസ്എൽസി ബുക്ക് കേസിലും മിനി പ്രതിയാണ്. ഇതിന്റെ നിർമാണത്തിന് സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കും.
മിനിയുമായി അന്വേഷണസംഘം ഇന്ന് രാത്രിയോടെ ചേർത്തലയ്ക്ക് തിരിക്കും. മിനിയെ തിരികെ കോടതിയിൽ ഒന്പതിനാണ് ഹാജരാക്കേണ്ടത്. ബിന്ദുവിന്റെ കുടുംബ പെൻഷൻ അക്കൗണ്ട് ചേർത്തല സബ്ട്രഷറിയിൽനിന്നും 2005 ഒക്ടോബറിൽ ആലപ്പുഴ ട്രഷറിയിലേക്ക് മാറ്റുകയും 2006വരെ ഇവിടെ നിന്നും പെൻഷൻ വാങ്ങുകയും ചെയ്തതായാണ് വിവരം.
എന്നാൽ ഇതു സംബന്ധിച്ച ഫയലുകളുടെ പരിശോധന പൂർത്തിയാവാത്തതിനാൽ ഒൗദ്യോഗികമായി ഇന്നു മാത്രമേ പോലീസിനു വിവരം കൈമാറൂ. ബിന്ദുവിന് നിലവിൽ പാസ്പോർട്ട് ഇല്ലെന്ന വിവരമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പോലീസിന്റെ നോട്ടീസിന് മറുപടി നൽകിയ കൊച്ചി, തിരുച്ചിറപള്ളി, മധുര, കോയന്പത്തൂർ പാസ്പോർട്ട് ഓഫീസുകളിൽ നിന്നു പാസ്പോർട്ട് വിതരണം ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നർകോട്ടിക്ക് ഡിവൈഎസ്പി എ. നസീം പറഞ്ഞത്.
എന്നാൽ ചെന്നൈയിൽ നിന്നു മറുപടി ലഭിക്കാനുണ്ട്. ബിന്ദുവിന്റെയും സെബാസ്റ്റ്യന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് അന്വേഷിക്കുകയാണ്. മാവേലിക്കര എണ്ണയ്ക്കാട് സഹകരണ ബാങ്കിൽ ബിന്ദു പത്മനാഭന് അക്കൗണ്ട് ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചേർത്തലയിലെ പൊതുമേഖല ബാങ്കിൽ സെബാസ്റ്റ്യനും അക്കൗണ്ടുണ്ട്. ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും പോലീസിന്റെ അന്വേഷണത്തിലാണ്.