ചേർത്തല: ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ ഒളിവിൽ താമസിപ്പിച്ചതിന് ബന്ധുവായ എം.ബോണിയെ പോലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവായ ഏറ്റുമാനൂർ സ്വദേശി ബോണിയാണ് ഇയാൾക്ക് ഒളിവിൽ കഴിയുവാൻ കർണാടകയിലെ ഷിമോഗയിൽ താവളം ഒരുക്കിയതെന്ന് ചേർത്തല ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു.
പിന്നീട് എറണാകുളത്തെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കീഴടങ്ങുവാൻ തീരുമാനിച്ചതും പിന്നീട് പോലീസ് പിടിയിലായതും. വ്യാജ മുക്ത്യാർ ഉപയോഗിച്ച് വസ്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ കുടുങ്ങിയേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന.
ഇടപ്പള്ളിയിലെ വസ്തു ഇടപാടിൽ സെബാസ്റ്റ്യനൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഷാജി ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വ്യാജ മുക്ത്യാർ തയാറാക്കുന്നതിന് ഇടപ്പള്ളിയിലെ ആധാരമെഴുത്തുകാരന് പതിനായിരം രൂപ നൽകിയതായും സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ വ്യാജ ഡ്രൈവിങ് ലൈസൻസ് കൊടുത്തത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മനോജാണെന്ന സെബാസ്റ്റ്യന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.