ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളുള്ളതായി കാട്ടി ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാർ രജിസ്ട്രേഷൻ ഐജിക്ക് പരാതി നൽകി. ബിന്ദുവിന്റെ മാതാവിന്റെ പേരിലുള്ള വസ്തു 2003ൽ ബിന്ദു വിറ്റതായാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ ഇത് ഇപ്പോഴും വില്ലേജ് രേഖകൾ പ്രകാരം അംബികാദേവിയുടെ പേരിലാണ്. മാത്രമല്ല ആൾമാറാട്ടം നടത്തലിന് സാക്ഷ്യപ്പെടുത്തൽ നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി എടുത്തിട്ടില്ലെന്നും പ്രവീണിന്റെ പരാതിയിൽ പറയുന്നു. ബിന്ദുവിന്റെ തിരോധാനത്തിലും വസ്തു രജിസ്ട്രേഷനിലും ചില ആധാരം എഴുത്തുകാർക്കും വസ്തു ഇടനിലക്കാർക്കും ബന്ധമുള്ളതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭ (42)നെ കാണാതായതു സംബന്ധിച്ച് 2017ൽ സഹോദരൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കൾ ആൾമാറാട്ടം നടത്തി വിൽപന നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്യുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.