ചേർത്തല: ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിന്ദു പത്മനാഭന്റെ വസ്തു വ്യാജ വിൽപ്പത്രം തയ്യാറാക്കിയ കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ പ്രതിയാകും. ഇതുസംബന്ധിച്ച് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാറിന്റെ പരാതിയിൽ ഏതാനുംപേരെ ചോദ്യംചെയ്ത ശേഷമാണ് വിൽപ്പത്രം വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സെബാസ്റ്റ്യനെ പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാജ വിൽപ്പത്രക്കേസിൽ പ്രതിയായ ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സെബാസ്റ്റ്യന്‍ പുറമെ ഏതാനുംപേർകൂടി ഈ കേസിൽ പ്രതികളാകും. ഇവർ പോലീസ് നിരീക്ഷണത്തിലാണ്.
വ്യാജ വിൽപത്രം തയാറാക്കിയതുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചശേഷമേ പ്രതി പട്ടിക തയാറാക്കി അറസ്റ്റ് ചെയ്യുകയുള്ളൂവെന്നാണ് വിവരം. യഥാർഥ വിൽപത്രങ്ങൾ കണ്ടെടുക്കുകയും സബ് റജിസ്ട്രാർ ഓഫീസുകളിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും വേണ്ടതുണ്ട്.
അതേസമയം ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാർ ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി വിശദമായ പരാതി നൽകി. ഒരേക്കറിലേറെ വിസ്തൃതിയുള്ള കുടുംബവസ്തുവാണ് വ്യാജരേഖകൾ ചമച്ച് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വിറ്റഴിച്ചതെന്ന് ഇതിനകം വ്യക്തമായി.
വലിയ ക്രിമിനൽ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ബിന്ദുവിന്റെ തിരോധാനവും ഭൂമി തട്ടിയെടുക്കലും തമ്മിൽ ബന്ധമുണ്ടെന്ന സ്ഥിരീകരണവുമായി. തിരോധാനത്തിന് പിന്നിൽ സെബാസ്റ്റ്യന്റെ കരങ്ങളുണ്ടെന്നും പോലീസ് ഉറപ്പിക്കുന്നു. അത് തെളിയിക്കുന്നതിന് ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.നസീമിന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം സമാന്തരമായി പുരോഗമിക്കുന്നു.