ചേർത്തല: വ്യാജ മുക്ത്യാർ ചമച്ച് ബിന്ദു പത്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സി.എം സെബാസ്റ്റ്യനെ ഇന്ന് കോടതിയിൽ തിരികെ ഏല്പിക്കും. സെബാസ്റ്റ്യന്റെ ഭാര്യവീട് സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇതിനിടെ ബിന്ദു പത്മനാഭന്റെ പേരിലേക്ക് സ്വത്തുക്കളുടെ അവകാശം വിട്ടുകൊണ്ടുള്ള വിൽപത്രം വ്യാജമാണെന്നും പോലീസ് കണ്ടെത്തി. ബിന്ദുവിന്റെ പിതാവ് പത്മനാഭപിള്ളയുടെ പേരിൽ തയാറാക്കിയ വിൽപത്രവും വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തതായി ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു.
പത്മനാഭപിള്ള 1999 ഡിസംബർ നാലിനാണ് ആദ്യത്തെ വിൽപത്രം തയാറാക്കിയത്. ഇതിൽ രണ്ടുമക്കൾക്കും സ്വത്തുക്കൾ വീതമായി നൽകിയിരുന്നു. എന്നാൽ പിന്നീട് 2002 നവംബർ 22നു റജിസ്റ്റർ ചെയ്ത മറ്റൊരു വിൽപത്രത്തിലാണ് സ്വത്തുക്കളെല്ലാം ബിന്ദുവിന്റെ പേരിലേക്ക് മാത്രമായി നൽകിയിരിക്കുന്നത്. ചേർത്തലയിലെ ആധാരമെഴുത്തുകാരനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. വിൽപത്രത്തിൽ ഒപ്പിട്ടതായി പറയുന്ന പത്മനാഭപിള്ള ഇവിടെ വന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സെബാസ്റ്റ്യനാണ് ബിന്ദുവുമായി വിൽപത്രം തയാറാക്കാൻ വന്നത്. വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ടയാളും തനിക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്നു മൊഴി നൽകി. മാത്രമല്ല ഇയാളുടെ യഥാർഥ ഒപ്പുമായും വ്യത്യാസമുണ്ട്. വിൽപത്രം വ്യാജമാണെന്നു കണ്ടതോടെ ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന മൂന്നുപ്രമാണങ്ങളും റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.
ബിന്ദുവിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന 70 സെന്റ്, 46 സെന്റ്, 30 സെന്റ് എന്നിങ്ങനെ മൂന്ന് പ്രമാണങ്ങളാണ് റദ്ദാക്കാനാവശ്യപ്പെട്ട് പോലീസ് റിപ്പോർട്ട് നൽകുക. നേരത്തെ വ്യാജമുക്ത്യാർ ചമച്ചെന്ന് പറയുന്ന ഇടപ്പള്ളിയിലെ വസ്തുവിന്റെ വില്പനയും റദ്ദാക്കണമെന്ന് പോലീസ് റജിസ്ട്രേഷൻ ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബിന്ദുവിന്റെ സഹോദരൻ വിദേശത്തുള്ള പ്രവീണ് കുമാറിനോട് ഇമെയിലായി വിശദമായ പരാതി അയക്കുവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.