ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുവിന്റെ തിരോധാനവും സ്വത്ത് തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് വ്സതുവാങ്ങിയ ചിലരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. കൂടാതെ വസ്തു കൈവശമുള്ള മറ്റുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. ബിന്ദു പത്മനാഭന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിയയാളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.
ബിന്ദുവുമായി നേരിട്ടാണ് ഇടപാട് നടത്തിയതെന്ന് ഇയാൾ പറഞ്ഞു. അതേസമയം വിൽപത്രത്തിലും പ്രമാണത്തിലും ഒപ്പിട്ട രണ്ട് സാക്ഷികൾ തങ്ങൾക്ക് ഇതിനെ കുറിച്ച് അറിവില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടയിൽ കേസുകളുടെ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുവാൻ നീക്കം നടക്കുന്നതായും പറയുന്നുണ്ട്.
നിലവിൽ ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്നത് നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലും വ്യാജ മുക്ത്യാർ തുടങ്ങിയ നാല് കേസുകൾ ചേർത്തല ഡിവൈഎസ്പിയുമാണ്. എന്നാൽ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അതുമായി ബന്ധപ്പെട്ട് മറ്റ് കേസുകൾ കൂടി വരുന്നതോടെയാണ് പൂർണമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുവാൻ ആലോചിക്കുന്നത്.
വ്യാജ ഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്ക്, അനധികൃത പണമിടപാട്, ഓട്ടോ ഡ്രൈവർ മനോജിന്റെ ആത്മഹത്യയുടെ സാഹചര്യം എന്നിങ്ങനെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എന്നാൽ ബിന്ദുവിന്റെ പേരിലേക്ക് സ്വത്തുക്കൾ എഴുതി വച്ചതായി പറയുന്ന വിൽപത്രം വ്യാജമാണെന്ന പുതിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചില പ്രമാണങ്ങൾ സംബന്ധിച്ചും സംശയം ജനിച്ചതോടെയാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തുവാൻ നീക്കം നടക്കുന്നത്.