ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ടി.മിനിയെ പോലീസ് നാളെ തിരികെ കോടതിയിൽ ഹാജരാക്കും. രണ്ടുദിവസം മാത്രമാണ് മിനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ആയതിനാൽ എത്രയും പെട്ടെന്ന് തെളിവെടുപ്പ് നടത്തി പ്രതിയെ കോടതിക്ക് കൈമാറാനാണ് പോലീസിന്റെ ശ്രമം.
പോലീസിന്റെ അറസ്റ്റിനെ ഭയന്ന് ഒളിവിൽപോയ മിനി കഴിഞ്ഞദിവസം ചേർത്തല കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്ക് പോലീസ് നല്കിയ അപേക്ഷയിലാണ് ഇന്നലെ കോടതി പ്രതിയെ പോലീസിനു കൈമാറിയത്. ഇന്നലെ വൈകുന്നേരം ഡിവൈഎസ്പി എ.ജി ലാലാണ് പ്രതിയെ ഏറ്റുവാങ്ങിയത്.
രക്തസമർദ്ദവും പ്രമേഹവുമുള്ളതിനാൽ ഇന്നലെ ആശുപത്രിയിൽ പരിശോധനകൾക്ക് വിധേയമാക്കിയശേഷം ഇവരെ പട്ടണക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറിൽ ഒപ്പിട്ട പട്ടണക്കാട് സബ് റജിസ്ട്രാർ ഓഫീസിൽ ഇന്ന് എത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് ഫോറൻസിക് വിദഗ്ധരെത്തി വിരടയാളം, കൈയക്ഷരം, ഒപ്പ് തുടങ്ങിയവ ശേഖരിക്കും.
ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്ന നർക്കോട്ടിക്ക് ഡിവൈഎസ്പിയും ഇവരെ ചോദ്യം ചെയ്യും. അതേസമയം കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ കണ്ടെത്തുന്നതിന് വൻ പോലീസ് സംഘമാണ് വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തുന്നത്. കോടതിയിൽ കീഴടങ്ങുവാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ,ചേർത്തല കോടതികളിൽ മഫ്ടിയിലും പോലീസ് നിരീക്ഷണമുണ്ട്.
ഇയാളുടെ ബന്ധുക്കളുടെയും നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. എറണാകുളത്ത് പ്രതിയുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ കോടിയിൽ ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കുവാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ അതിന് മുന്പേ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമത്തിലാണ് പോലീസ്.
ബിന്ദുവിന്റെ തിരോധാനത്തിന് പുറമേ വ്യാജ മുക്ത്യാർ, വ്യാജ ഡ്രൈവിംഗ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്ക് എന്നിവ കൂടാതെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത ചെക്കുകളുടെയും മുദ്രപത്രങ്ങളുടെയും അടിസ്ഥാനത്തിൽ അനധികൃത പണിമിടപാടിനുമായി ആകെ അഞ്ച് കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജ മുക്ത്യാർ ചമച്ച കേസിലെ മൂന്നും നാലും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. എന്നാൽ ബിന്ദുവിനെക്കുറിച്ച് ഒരുവിവരവും പോലീസിന് ലഭിച്ചില്ലെന്നാണ് സൂചന. ബിന്ദുവിനെ കണ്ടെത്തുന്നതിനായി ചെന്നെയിലും ബെംഗളൂരുവിലും കേരളത്തിലെയും വിവിധ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയിടങ്ങളിലുമെല്ലാം പോലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.