ചേർത്തല: കോടികളുടെ സ്വത്തുക്കളുടെ ഉടമയായ യുവതിയെ കാണാതായ സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന എരമല്ലൂർ സ്വദേശിയായ യുവതിയെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പോലീസ്. കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ പി.പ്രവീണ്കുമാറാണു സഹോദരി ബിന്ദു(44)വിന്റെ നിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്.
ബിന്ദുവിന്റെ കുടുംബസ്വത്ത് ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ വസ്തു ഇടനിലക്കാർ ചേർന്ന് കൈക്കലാക്കി ബിന്ദുവിനെ കൊന്നുകളഞ്ഞതായി സംശയിക്കുന്നതായാണ് പ്രവീണിന്റെ പരാതി. ചേർത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ എം. സുധിലാൽ ആണ് കേസന്വേഷണത്തിനു നേതൃത്വം നല്കുന്നത്.
പ്രതികളുടെ ഫോണ് വിവരങ്ങൾ, സ്വത്തുവിവരങ്ങൾ, ആധാരം റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ തുടങ്ങിയവ പോലീസ് ശേഖരിച്ചു. എറണാകുളത്തെ കോടികൾ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആൾമാറാട്ടം നടത്തി വിറ്റതായും ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ തീറാധാരത്തിനു ഹാജരാക്കിയ പവർ ഓഫ് അറ്റോർണിയും ബിന്ദുവിന്റെ ഡ്രൈവിംഗ് ലൈസൻസും വ്യാജമാണെന്നും പ്രവീണ് പരാതിയിൽ പറഞ്ഞിരുന്നു.
ആധാരത്തിൽ പതിച്ചിരിക്കുന്ന ഫോട്ടോ ബിന്ദുവിനോട് സാമ്യമുണ്ടെങ്കിലും അത് ബിന്ദുവിന്േറതല്ലെന്നും മറ്റൊരു യുവതിയുടേതാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് യുവതി എരമല്ലൂർ സ്വദേശിയാണെന്ന് കണ്ടെത്തിയത്.
എരമല്ലൂർ സ്വദേശിയായ യുവതിയുടെ ഭർത്താവ് ഒരു പട്ടാളക്കാരനാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. രണ്ടുവർഷത്തോളമായി ചേർത്തല കുറുപ്പൻകുളങ്ങരയിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. കേസിലെ പ്രധാനിയായ പള്ളിപ്പുറം സ്വദേശിയുമായുള്ള ബന്ധവും നാട്ടുകാർക്ക് അറിയാവുന്നതാണ്.
ഇവർക്കെതിരെയുള്ള തെളിവുകളാണ് പോലീസ് ഇപ്പോൾ ശേഖരിക്കുന്നത്. കോടികൾ കൈക്കലാക്കിയശേഷം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അല്ലെങ്കിൽ പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ യഥാർത്ഥ ബിന്ദു ഇപ്പോൾ രംഗത്തു വന്നേനെയെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ കുറ്റക്കാരായ പ്രതികളെ എല്ലാവരെയും കൈയോടെ കുടുക്കാനുള്ള തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.