ചേർത്തല: ദുരൂഹസാഹചര്യത്തിൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ ലഭിച്ച രണ്ടാംപ്രതി ടി.മിനിയിൽ നിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചന. രണ്ടുദിവസമായി കസ്റ്റഡിയിൽ ലഭിച്ച ഇവരെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു.
ബിന്ദുവിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പത്മനാഭപിള്ളയുടെ കുടുംബപെൻഷൻ 2005 ഒക്ടോബർ വരെ ചേർത്തല സബ്ട്രഷറിയിൽ നിന്നുമാണ് ബിന്ദു വാങ്ങിയിരുന്നത്. എന്നാൽ ഇതിന് ശേഷം പെൻഷൻ അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് മാറ്റിയതായാണ് ഇന്നലെ കണ്ടെത്തിയത്. നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർത്തല സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിലാണ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത രേഖ കണ്ടത്.
തുടർന്ന് ആലപ്പുഴ സബ് ട്രഷറി ഓഫിസറോട് ഇതിന്റെ വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ഡിവൈഎസ്പി കത്ത് നൽകി. പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നാല് ഘട്ടങ്ങളിൽ സെബാസ്റ്റ്യനൊപ്പം ഒരു സ്ത്രീയെ കൊണ്ടുപോയിട്ടുള്ളതായി ടാക്സി ഡ്രൈവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇത് മിനിയാണോയെന്ന് അറിയുന്നതിന് ഡ്രൈവറെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ല.
ബിന്ദു പത്മനാഭന്റെ വസ്തു വ്യാജ മുക്ത്യാർ ഉപയോഗിച്ച് കൈമാറ്റം ചെയ്തതായ കേസിൽ പ്രതി ടി.മിനിയെ സബ് റജിസ്ട്രാർ തിരിച്ചറിഞ്ഞു. പട്ടണക്കാട് സബ് റജിസ്ട്രാറായിരുന്ന ബീന കുര്യനാണ് തിരിച്ചറിഞ്ഞത്. അച്ഛന്റെ പേരും വീട്ടുപേരും ചോദിക്കുകയും തിരിച്ചറിയൽ രേഖയിലെ ഫോട്ടോയുമായി ഒത്തുനോക്കിയശേഷമാണ് മുക്ത്യാർ റജിസ്റ്റർ ചെയ്തതെന്നും ഇവർ മൊഴി നൽകി.
അതേസമയം മുക്ത്യാറിലെ വിരലടയാളം ഇവരുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിനായി മിനിയുടെ വിരലടയാളം, കൈയ്യക്ഷരം, ഒപ്പ് എന്നിവയുടെ സാന്പിൾ പോലീസ് ശേഖരിച്ചു. ബിന്ദുവിന്റെ കുടുംബവീടും വസ്തുക്കളും, കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീടും പരിസരവും അന്വേഷണസംഘം സന്ദർശിച്ചു.
എന്നാൽ ബിന്ദുവിന്റെ പേരിൽ വ്യാജമായി നിർമിച്ച ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി ബുക്കിന്റെ രേഖ എന്നിവയിലും പ്രതിയായ മിനിയെ ഇതിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ ലഭിക്കുന്നതിന് കുത്തിയതോട് സിഐ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.