ചേർത്തല: കടക്കരപ്പള്ളി സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന് 24ന് ഹാജരാകാൻ കാണിച്ച് നോട്ടീസ്. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുള്ളത്.
വസ്തു തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന സെബാസ്റ്റ്യൻ ജാമ്യത്തിലിറങ്ങിയ ശേഷം തിരോധാനം അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജാരാകാതെ ജില്ലാകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കഴിഞ്ഞദിവസം കോടതി നിരസിച്ചു.
തുടർന്നാണ് 24ന് ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈഎസ്പി നോട്ടീസ് നൽകിയിരിക്കുന്നത്. പ്രളയകാലത്ത് പോലീസ് സേനയെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും നിയോഗിച്ചതിനാൽ അന്വേഷണം കാര്യമായി നടത്താനായിരുന്നില്ല.
അന്വേഷണം ഉൗർജിതമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ ഉൾപ്പെടെ തുടർ നടപടികൾ. ബിന്ദുവിന്റെ സഹോദരൻ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് ബിന്ദുവിന്റെ പേരിലുള്ള വസ്തു തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കേസുകൾ സെബാസ്റ്റ്യനെതിരേ ചുമത്തിയത്. ഈ കേസുകളിലെല്ലാം ജാമ്യത്തിലുമാണ് സെബാസ്റ്റ്യൻ.