ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്റെ ബന്ധു പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് മറീന ഭവനത്തിൽ ഷാജി ജോസഫ് (44), വ്യാജ ഡ്രൈവിങ് ലൈസൻസിന് ഇടനിലക്കാരനായ ചേർത്തല കെ.ആർ പുരം പടിഞ്ഞാറെവെളി സി.തങ്കച്ചൻ (54) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
മുഖ്യപ്രതിയെ ഒളിവിൽ പാർക്കുന്നതിന് സഹായം ചെയ്ത കേസിലെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യവും അനുവദിച്ചു. സെബാസ്റ്റ്യന് തളിപറന്പ്, ഷിമോഗ എന്നിവിടങ്ങളിൽ ഒളിതാവളം ഒരുക്കിയതിന് പിടിയിലായ കണ്ണൂർ പയ്യാവൂർ മഠയ്ക്കൽ പുളിച്ചമാക്കൽ ഡി.അനീഷ് (32), പയസക്കരി വട്ടമറ്റത്തിൽ ജസ്റ്റിൻ തോമസ് (25), ആലക്കോട് കാർത്തികപ്പുറം പുതുപ്പള്ളിൽ ജെ.ജോജോ (34) എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
പോലീസ് കസ്റ്റഡിയിലായിരുന്ന കേസിലെ രണ്ടാം പ്രതി ടി.മിനിയെ ഇന്നലെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഇന്നലെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇന്ന് എറണാകുളം ഇടപ്പള്ളിയിലെ വിൽപന നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
വ്യാജ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച് മേട്ടുപാളയത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിന് തങ്കച്ചനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ബിന്ദുവിന്റെ സഹോദരൻ ഇറ്റലിയിലുള്ള പ്രവീണ് കുമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും.