കൊല്ലം :ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും സ്റ്റാഫ് അംഗങ്ങൾക്കുള്ള ശന്പള വർദ്ധനവിന്റെ തീരുമാനം എടുത്തതെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
കാഷ്യു മേഖലയിൽ സ്റ്റാഫുകൾക്കുള്ള ശന്പള വർദ്ധനവ് കഴിഞ്ഞവർഷം നടന്ന ഐ ആർ സി മീറ്റിംഗിൽ തീരുമാനം എടുക്കുകയുണ്ടായി. ഇതിന്റെ മിനിറ്റ്സ് അംഗീകാരത്തിനായി ലഭിക്കുന്നത് കഴിഞ്ഞമാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഐ ആർ സി തീരുമാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല.
ചർച്ചയും തീരുമാനവും എടുത്ത് മൂന്നര മാസം കാലാവധി ഉണ്ടായിട്ടും സർക്കാർ ശന്പള വർദ്ധനവ് നടപ്പിലാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ അംഗീകാരമോ അനുവാദമോ വാങ്ങാതെ കാഷ്യു കോർപറേഷന്റെയും കാപെക്സിന്റെയും സ്റ്റാഫ് അംഗങ്ങൾക്ക് ശന്പള വർധന നടപ്പിലാക്കാൻ തിരക്കിട്ട് ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുത്തതിന്റെ പിന്നിൽ വോട്ട് മാത്രമാണ് ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.