
കൊച്ചി: ബംഗളൂരു ലഹരിമരുന്നു കടത്തു കേസിലെ പണമിടപാടുകേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയ്ക്കെതിരേ താരസംഘടനയായ അമ്മ നടപടിയെടുത്തേക്കും.
സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന്റെ തിരക്കൊഴിഞ്ഞ ശേഷം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച തീരുമെടുക്കുമെന്നാണ് അറിയുന്നത്.
ബിനീഷിനെതിരേ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം താരസംഘടന അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിനീഷിന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടന ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസിലെ പ്രതിയായ ദിലീപിനെതിരെ അന്ന് സംഘടന എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു പുറത്താക്കിയിരുന്നു. പിന്നീട് സംഘടന ജനറല്‍ ബോഡി യോഗം ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
പരിഷ്കരിച്ച നിയമാവലി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരവും ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന അറിയിച്ചിരുന്നു.
എങ്കിലും ദിലീപ് തന്നെ സംഘടനയില്‍ നിന്നും മാറി നില്‍ക്കുകയാണ്. സംഘടനയുടെ അംഗമാണ് ബിനീഷ്. മാത്രമല്ല സെലിബ്രിറ്റി ക്രിക്കറ്റ് മത്സരിത്തില്‍ സംഘടനയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്
. ഈ സാഹചര്യത്തില്‍ ബിനീഷിനെതിരേ സംഘടന നടപടിയെടുത്തേക്കുമെന്നാണ് കണക്കാകുന്നത്.