ബംഗളൂരു: മയക്കുമരുന്നു കടത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ബംഗളൂരുവിൽ അറസ്റ്റ് ചെയ്തതോട നെഞ്ചിടിപ്പേറി മലയാള സിനിമാ മേഖലയും.
രാഷ്ട്രീയത്തെക്കാൾ ബിനീഷിന് ബന്ധങ്ങൾ ഉണ്ടായിരുന്നത് മലയാള സിനിമയിലാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച അന്വേഷണ ങ്ങൾ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബിനീഷിന് പണം എവിടെനിന്നു ലഭിച്ചു, ഇത് സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും കള്ളപ്പണമായി നൽകിയതാണോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാവുക.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബന്ധമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്കു നയിച്ചത്. ഇയാളും കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
കന്നഡ സിനിമാലോകവുമായി ബന്ധമുള്ള അനൂപ് മുഹമ്മദ്, ഡി. അനിഖ, ആർ. രവീന്ദ്രൻ എന്നിവരെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു.
മൂവരും സിനിമാതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്നവരാണ്. അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതോടെയാണ് അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക് എത്തിയത്.