പാലക്കാട്: കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചെന്ന് ആരോപണം. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ അനിൽ വിസമ്മതിച്ചതിനെ തുടർന്ന് സംഘാടകർ തന്നെ ഒഴിവാക്കുവാൻ ശ്രമിച്ചെന്ന് പ്രതിഷേധവുമായി വേദിയിലെത്തി ബിനീഷ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങിൽ അനിലിനെ മാഗസിൻ പ്രസിദ്ധീരിക്കുവാനും ബിനീഷിനെ മുഖ്യാതിഥിയുമായാമാണ് സംഘാടകർ ക്ഷണിച്ചത്. ചടങ്ങിന് ഒരുമണിക്കൂർ മുമ്പ് ബിനീഷ് താമസിച്ച ഹോട്ടലിലെത്തിയ യൂണിയൻ ചെയർമാനും പ്രിൻസിപ്പലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം കോളജിൽ എത്തിയാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
കാരണം അന്വേഷിച്ചപ്പോൽ ബിനീഷിനൊപ്പം വേദി പങ്കിടുവാൻ അനിൽ രാധാകൃഷ്ണ മേനോൻ വിസമ്മതിച്ചുവെന്ന് അവർ അറിയിച്ചു. തുടർന്ന് പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെ വേദിയിലെത്തിയ ബിനീഷ് വേദിയുടെ നിലത്തിരുന്ന് പ്രതിഷേധിച്ചു.
സീറ്റിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും ബിനീഷ് വിസമ്മതിച്ചു. തനിക്ക് ഈ ദിവസം ഒരിക്കലും മറക്കുവാൻ സാധിക്കില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിനമാണിതെന്നും ബിനീഷ് നിറകണ്ണുകളോടെ സദസിനോട് പറഞ്ഞു.
“അതിഥിയായി ചെയർമാനാണ് എന്നെ ക്ഷണിച്ചത്. ഒരു മണിക്കൂർ മുമ്പ് ചെയർമാൻ വന്നു പറഞ്ഞു, അനിൽ രാധാകൃഷ്ണ മേനോനാണ് ഗസ്റ്റായിട്ടുള്ളത്. സാധാരണക്കാരനായ, പടത്തിൽ അവസരം ചോദിച്ചു നടക്കുന്ന ആളായ ബനീഷ് ഇവിടെ വന്നാൽ സ്റ്റേജിൽ കയറില്ലെന്ന് അനിലേട്ടൻ പറഞ്ഞു.
താൻ മേനോനല്ല. ദേശിയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. താൻ ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന സിനിമയിൽ ചെറിയ സ്ഥാനക്കയറ്റം ലഭിക്കുന്നത്’. ബിനീഷ് പറഞ്ഞു.