സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് താനുമായി വേദി പങ്കിടാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ ദിനമാണ് കടന്നു പോയതെന്ന് നടന് ബിനീഷ് ബാസ്റ്റിന്.തനിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് വിശദീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ബിനീഷ് പറയുന്നതിങ്ങനെ…ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നു. പരിപാടിക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് വിളിച്ചത് മിനിഞ്ഞാന്നാണ്. ചെയര്‍മാനാണ് എന്നെ വിളിച്ചത്. ഇടുക്കിയില്‍ നിന്ന് എന്റെ സ്വന്തം വണ്ടിയില്‍ പാലക്കാടേക്ക് ചെന്നു. അവിടെ ചെന്നപ്പോ ഡ്രസ് ഒക്കെ മാറാന്‍ സ്ഥലം ചോദിച്ചപ്പോള്‍ ഹോട്ടല്‍ തന്നെ അവര്‍ തന്നു. ഞാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ചെയര്‍മാനും മറ്റുള്ള കുറച്ച് വിദ്യാര്‍ത്ഥികളും ഭയങ്കര ഡെസ്പായിട്ട് എന്നെ വന്നു കണ്ടു. ചേട്ടാ ചേട്ടനോട് ഒരിക്കലും ഞങ്ങള്‍ പറയാനാഗ്രഹിക്കാത്ത കാര്യമാണ് പറയാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.’
‘എന്തായാലും മച്ചാനേ പറഞ്ഞോ നമ്മളെല്ലാം ഫ്രണ്ട്സല്ലേ എന്ന് ഞാന്‍ അവരോടു പറഞ്ഞു. ഞാന്‍ ഗസ്റ്റായിട്ട് വന്നാല്‍ മറ്റേ ഗസ്റ്റ് അനില്‍ രാധാകൃഷ്ണ മേനോന് ഞാന്‍ ഗസ്റ്റായിട്ട് വന്നാ പരിപാടിയില്‍ പങ്കെടുക്കൂല്ലെന്ന് അവര്‍ പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, അദ്ദേഹത്തിന്റെ സിനിമകളില്‍ പണ്ട് ഞാന്‍ ചാന്‍സ് ചോദിച്ച് നടന്നിരുന്നയാളാണ് എന്നാണ്. ഏറ്റവും താഴേക്കിടയില്‍ നില്‍ക്കുന്നയാള്‍ക്കൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് അവര്‍ പറഞ്ഞു.’
‘സ്വാഭാവികമായും പ്രിന്‍സിപ്പാള്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു. എന്നെ ഹൈഡ് ചെയ്ത് വയ്ക്കണം എന്നാണ് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ഞാന്‍ ചെന്ന് കഴിഞ്ഞപ്പോള്‍ എന്നെ പ്രിന്‍സിപ്പാള്‍ തടഞ്ഞു. പ്രിന്‍സിപ്പാള്‍ എന്നോട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാനാ സ്റ്റേജില്‍ കേറി, ഞാന്‍ തറയില്‍ നിന്ന് വന്നയാളാണ്. അതുകൊണ്ടാണ് തറയിലിരുന്ന പ്രതിഷേധിച്ചത്.’
എനിക്ക് അവര്‍ മൈക്ക് തന്നില്ല. എന്തുകൊണ്ടാണ് എന്റെ കൂടെ സ്റ്റേജ് പങ്കിടാന്‍ അനില്‍ രാധാകൃഷ്ണ മേനോന് സാറിന് പറ്റാത്തത്? ഞാനങ്ങനെ ഒരു പ്രതികരണവുമായി വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. ഞാന്‍ ജാതിസ്പിരിറ്റ് കാണുന്ന ഒരാളല്ല. ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാന്‍ അറപ്പുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്,’ ബിനീഷ് ബാസ്റ്റിന് പറയുന്നു. സംഭവത്തില്‍ മാപ്പു പറഞ്ഞ അനില്‍ രാധാകൃഷ്ണമേനോന് ബിനീഷിനെ അധിക്ഷേപിച്ചില്ലെന്നും വ്യക്തമാക്കി.