സ്വന്തം ലേഖകൻ
തൃശൂർ: യുവനടനെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം വ്യാപകം. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയ മേനോൻ തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനുമായി വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. സംവിധായകന്റെ ആവശ്യപ്രകാരം കോളജ് അധികൃതർ യുവനടൻ ബിനീഷ് ബാസ്റ്റിനോട് സംവിധായകൻ വേദി വിട്ടുപോയിട്ട് കോളജിലെത്തിയാൽ മതിയെന്ന് പറഞ്ഞത്രെ.
ബിനീഷ് പറയുന്നത്
വൈകീട്ട് 6 മണിക്കായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്പാണ് യൂണിയൻ ചെയർമാനും മറ്റും ഞാൻ താമസിച്ച ഹോട്ടലിൽ എത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ വന്നാൽ മതിയെന്നായിരുന്നു അവരുടെ ആവശ്യം. എനിക്ക് കാര്യം മനസിലായില്ല. എന്തിനാണ് അങ്ങനെ ഉദ്ഘാടനത്തിനെത്താതെ വൈകി വരുന്നതെന്ന് അവരോടു ചോദിച്ചപ്പോഴാണ് മാസിക പ്രകാശനം ചെയ്യാൻ വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ താൻ വേദിയിലുണ്ടെങ്കിൽ, അല്ലെങ്കിൽ ബിനീഷ് വേദിയിലെത്തിയാൽ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞതായി യൂണിയൻ ചെയർമാൻ മറുപടി നൽകി.
എന്നാൽ പരിപാടിയിൽ നിന്ന് മാറാൻ ബിനീഷ് തയാറാവാതെ അനിൽ രാധാകൃഷ്ണ മേനാൻ സംസാരിക്കുന്ന സമയത്ത് വേദിയിലെത്തി ഒരു മിനിറ്റിൽ താഴെ സമയം വേദിയിൽ കുത്തിയിരുന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചും തന്റെ വേദനയെക്കുറിച്ചും തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പലരും മൊബൈലിലും മറ്റും ഷൂട്ട് ചെയ്ത ബിനീഷിന്റെ ഈ കുത്തിയിരിപ്പ് ദൃശ്യങ്ങൾ അതിവേഗം പ്രചരിക്കുകയും ചെയ്തു.
ജീവിതത്തിൽ ഏറ്റവും വലിയ അപമാനം അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്നത്തേതെന്നും ഞാൻ മേനോനല്ല, നാഷണൽ അവാർഡ് വാങ്ങിച്ച ആളല്ല, എനിക്ക് വിദ്യാഭ്യാസമില്ല എന്നും പറഞ്ഞ് ബിനീഷ് എഴുതിക്കൊണ്ടുവന്ന കുറിപ്പ് വായിച്ച് നിറകണ്ണുകളോടെ വേദി വിട്ടിറങ്ങിപ്പോവുകയായിരുന്നു.
30 സെക്കന്ഡ് സമയം വേണമെന്നാണ് ബിനീഷ് ആവശ്യപ്പെട്ടത്. ബിനീഷിനോട് വേദിയിൽ നിന്നിറങ്ങി വരാൻ കോളജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ച് ബിനീഷ് സംസാരിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്നും വന്നാൽ തടയുമെന്നും പോലീസിനെ വിളിക്കുമെന്നും സംഘാടകർ പറഞ്ഞതായും ആരോപണമുണ്ട്.
അനിൽ രാധാകൃഷ്ണമേനോൻ പറയുന്നത്
ബിനീഷിനെ ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. പരിപാടികളിൽ പങ്കെടുക്കുന്പോൾ പ്രതിഫലം വാങ്ങാറില്ലാത്തതിനാൽ മറ്റു സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഞാൻ ഒഴിവാക്കാറുണ്ട്. അല്ലെങ്കിൽ അവർക്കത് പ്രയാസമുണ്ടാക്കും. ഞാൻ മാത്രമാണ് അതിഥിയെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. ഇന്നലെ രാവിലെയാണ് ബിനീഷ് കൂടി പങ്കെടുക്കുന്ന കാര്യം അറിയിച്ചത്.
അപ്പോൾ തന്നെ ഞാൻ ഒഴിവാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവർ എല്ലാം പരിഹരിച്ചോളാം എന്ന് പറഞ്ഞു. പിന്നീട് ബിനീഷ് സ്റ്റേജിൽ വന്ന് പ്രതിഷേധിക്കുന്പോഴാണ് കാര്യങ്ങൾ ഞാനറിയുന്നത്. ബിനീഷിനെ എനിക്കിഷ്ടമാണ്. അടുത്ത സിനിമയിൽ അയാൾക്കൊരു വേഷം കരുതിവെച്ചിരുന്നതുമാണ്.
ബിനീഷിനെ പിന്തുണച്ചും അനിൽ രാധാകൃഷ്ണമേനോനെ കടുത്ത ഭാഷയിൽ വിമർശിച്ചും സോഷ്യൽമീഡിയയിൽ നിരവധി പേരെത്തിക്കഴിഞ്ഞു. മേനോൻ ഷോക്കെതിരെ പ്രതികരിച്ച ബിനീഷിന് അഭിനന്ദനം എന്നാണ് പലരും ടൈറ്റിലിട്ടിരിക്കുന്നത്. ബിനീഷിനെ ക്ഷണിക്കുകയും പിന്നീട് വരേണ്ടെന്ന് പറയുകയും ചെയ്ത കോളജ് അധികൃതരും രൂക്ഷ വിമർശനം നേരിടുന്നുണ്ട്.