പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ അറസ്റ്റും ചോദ്യം ചെയ്യലും പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ അദ്ദേഹത്തിന്റെ ഇടനിലക്കാരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കുറഞ്ഞകാലം കൊണ്ട് കോടികളുടെ സമ്പാദ്യത്തിലേക്ക് ഉയര്‍ന്ന ബേനാമികളാണ് തങ്ങളുടെ സ്വത്തുക്കളുടെ സംരക്ഷണത്തിനുവേണ്ടി പെടാപ്പാട് പെടുന്നത്. ഇഡിയോ മറ്റ് അന്വേഷണ ഏജന്‍സികളോ ഏതുസമയവും പിടിമുറുക്കുമെന്ന ആശങ്കയിലാണ് പലരും.
ബിനീഷിന് പങ്കാളിത്തമുള്ള വസ്തു ഇടപാടുകളുടെ രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നുണ്ട്. വസ്തു വാങ്ങുക, വില്‍ക്കുക, തടസമായി വരുന്നവരെ വിരട്ടുക തുടങ്ങിയ കൊട്ടേഷന്‍ നടപടികളുള്‍പ്പെടെ ബിനീഷ് ഇടപെട്ട ഇടപാടുകള്‍ രണ്ടു പതിറ്റാണ്ടായി പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നടന്നിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സംവിധാനത്തിലും ഭരണത്തിലും സൃഷ്ടിച്ചെടുത്ത പിടിവള്ളിയിലൂടെയാണ് ബേനാമി ഇടപാടുകള്‍ ശക്തിപ്പെടുത്തിയിരുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
പത്തനംതിട്ടയില്‍ ബിനീഷിന്റെ ബേനാമിയായി പ്രവര്ത്തിച്ചയാളിനെ സംബന്ധിച്ച വിവരം നേരത്തെതന്നെ അന്വേഷണ ഏജന്‍സികള്‍ തേടിയിരുന്നു. ഇയാളുടെ വീട് ബിനീഷിന്റെ സന്ദര്‍ശനവേളയിലെ താവളമായിരുന്നു.
കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ എത്തി ബിനീഷിനെ കണ്ടിരുന്നതായി പറയുന്നു. കുട്ടിക്കാനത്ത് 3500 ഏക്കര്‍, കൊല്ലം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ വനത്തിനുള്ളിലെ ഏക്കര്‍ കണക്കിനു സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം തേടുകയാണെന്നാണ് വിവരം.
ഗള്‍ഫില്‍ വ്യവസായി എന്നറിയപ്പെടുന്നയാളുടെ പേരിലാണ് വസ്തു ഇടപാടുകള്‍ നടന്നതെന്നാണ് വിവരം.