പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ബേനാമി ഇടപാടുകളുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘം പത്തനംതിട്ടയിലുമെത്തി.
അടൂര്‍, കോന്നി എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ വിലപ്പെട്ട പല വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചതായാണ് സൂചന.
ബിനീഷ് കോടിയേരിയുടെ വലംകൈയായി പ്രവര്‍ത്തിച്ച പത്തനംതിട്ട സ്വദേശിയായ പ്രവാസിയെക്കുറിച്ച് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
ഇയാളുമായി ബന്ധപ്പെട്ടു ബിനീഷ് നടത്തിവരുന്ന ഇടപാടുകള്‍ നാട്ടില്‍പാട്ടാണ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നേരത്തെതന്നെ ഇന്റലിജന്‍സ് സംഘത്തിനുള്പ്പെടെ ലഭിച്ചിരുന്നു.
ബേനാമികളുടെ പേരില്‍ ഏക്കര്‍ കണക്കിനു ഭൂമി സമ്പാദിച്ചതിനെക്കുറിച്ചാണ് അന്വേഷണം. സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്ന ആളുകളുടെ വിവരങ്ങളുമായാണ് ഇഡി അന്വേഷണം നടത്തിയത്. ഇവരില്‍ ചിലരെ നേരില്‍ക്കണ്ട് ചോദ്യം ചെയ്തു.
ബിനീഷുമായുള്ള ബന്ധത്തില്‍ കുറഞ്ഞകാലം കൊണ്ട് കോടികളുടെ സമ്പാദ്യത്തിലേക്ക് ഉയര്‍ന്ന ബേനാമികളാണ് തങ്ങളുടെ സ്വത്തുക്കളുടെ സംരക്ഷണത്തിനു പെടാപാട് പെടുന്നത്. ഇഡിയോ മറ്റ് അന്വേഷണ ഏജന്‍സികളോ ഏതുസമയവും പിടിമുറുക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു.
ബിനീഷ് കോടിയേരിക്കു പങ്കാളിത്തമുള്ള വസ്തു ഇടപാടുകളുടെ രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ബിനീഷ് നല്കിയ സ്വത്തുവിവരങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടാതെ വന്നതോടെയാണ് ബേനാമികളിലേക്ക് അന്വേഷണം നീങ്ങിയത്.
വസ്തു വാങ്ങുക, വില്‍ക്കുക, തടസമായി വരുന്നവരെ വിരട്ടുക തുടങ്ങിയ കൊട്ടേഷന്‍ നടപടികളുള്‍പ്പെടെ ബിനീഷ് ഇടപെട്ട ഇടപാടുകള്‍ രണ്ടു പതിറ്റാണ്ടായി പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ നടന്നിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സംവിധാനത്തിലും ഭരണത്തിലും സൃഷ്ടിച്ചെടുത്ത പിടിവള്ളിയിലൂടെയാണ് പലയിടത്തും ബേനാമി ഇടപാടുകള്‍ ശക്തിപ്പെടുത്തിയിരുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
കുട്ടിക്കാനത്ത് 3500 ഏക്കര്‍, കൊല്ലം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ വനത്തിനുള്ളിലെ ഏക്കര്‍ കണക്കിനു സ്ഥലം, പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലെ ചില വസ്തു ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം തേടിയിരുന്നു.