തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രിക്കറ്റിലേക്കും നീങ്ങിയേക്കുമെന്നു സൂചന.
കേരളാ ക്രിക്കറ്റ് അസോസിയേഷന് അംഗമായ ബിനീഷ് കോടിയേരിക്കു കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ നിര്‍ണായക സ്വാധീനമാണ് ഉള്ളതെന്നു അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
ബിനീഷിന്റെ അടുത്ത സുഹൃത്തുകൂടിയായ അനസ് വലിയപറമ്പത്തിന്റെ വീട്ടില്‍നിന്നു പകുതി കത്തിച്ച നിലയില്‍ രേഖകള്‍ കണ്ടെടുത്തെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റിലേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ ബിനീഷിന്റെ നേതൃത്വത്തില്‍ സാമ്പത്തക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യങ്ങളും പരിശോധിക്കും.
ഇതിനിടയില്‍ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദും ക്രിക്കറ്റ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനസ് വലിയപറമ്പിലും ഉള്‍പ്പെടെ കൊച്ചിയില്‍ നടത്തിയ ഒത്തുകൂടലില്‍ കായികരംഗത്തെ ചില ഉന്നതരും പങ്കെടുത്തുമെന്ന രീതിയിൽ ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്.
ക്രിക്കറ്റ് അസോസിയേഷന് തലപ്പത്ത് സ്ഥാനമാറ്റം ഉണ്ടാക്കാനായി കണ്ണൂരിലെ ക്രിക്കറ്റ് ക്ലബുകളില്‍ പലതിനും സാമ്പത്തിക സഹായം സ്വന്തം കൈയില്‍നിന്നു നല്കിപ്പോലും ക്ലബ്ബുകള്‍ പിടിച്ചെടുത്തു.
ഇത്തരത്തില്‍ ക്ലബ്ബുകള്‍ പിടിച്ചെടുക്കാനായി സാമ്പത്തികം മുടക്കിയത് ആരാണെന്നതിനെക്കുറിച്ചും അന്വേഷണം ഉയരുന്നു.