
കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ഓഫിസില്‍ ഹാജരായി.
കൊച്ചിയിലെ ഓഫീസിലാണ് ബിനീഷ് എത്തിയത്. ഹാജരാകാൻ ആറ് ദിവസത്തെ സാവകാശം ബിനീഷ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആവശ്യം ഇഡി നിരസിച്ചു.
ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് വിവരം. ബിനീഷിന്റെ രണ്ട് ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ബിനീഷ് ബിസിനസിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.
ബംഗളൂരു ആസ്ഥാനമായി ബിനീഷ് തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍വച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.