സ്വന്തം ലേഖകന്‍
ബംഗളൂരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരാകാത്തതു വളരെ ഗൗരവതരമാണെന്ന നിലപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞാണു ബിനീഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാതിരുന്നത്.
ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് കടുത്ത നടപടികളിലേക്കു നീങ്ങുന്നുവെന്നാണു വിവരം. ഇതിനിടയില്‍ ബിനീഷിനെ വെട്ടിലാക്കി ലഹരിക്കടത്തിലെ പ്രതിയായ കൊച്ചിസ്വദേശി മുഹമ്മദ് അനൂപ് എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്.
താന്‍ പണം ആവശ്യപ്പെട്ടതു ബിനീഷ് കോടിയേരിയോടു മാത്രമാണ്. എന്നാല്‍, വിവിധ അക്കൗണ്ടുകളില്‍നിന്നു പണം തന്റെ അക്കൗണ്ടുകളിലേക്കെത്തി. ഇത് എങ്ങനെയെന്നു തനിക്കറിയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന ബിനീഷ് കോടിയേരിക്കെതിരേ നടപടി കടുപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചതിനു പിന്നാലെയാണ് അനൂപ് മുഹമ്മദിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്.
ഇരുവരെയും ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തിയിരുന്നത്.
നേരത്തെ ഇതുസംബന്ധിച്ച് ഇരുവരും നല്കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണു സൂചന. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ ചോദ്യംചെയ്തശേഷം ബിനീഷിനെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍, ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല.