കൊച്ചി: ബംഗളൂരു ലഹരിക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തിൽ എൻഫോഴ്സമെന്റ് റിപ്പോർട്ട്.
പങ്കാളിത്തം
സ്വര്‍ണക്കടത്ത് കേസ് പ്രതി അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാര പങ്കാളിയുമാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കും.
ബിനീഷിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റിനു ബാങ്കിലെ രേഖകളും നിലവില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളും തമ്മില്‍ ഒത്തു പോകുന്നില്ലെന്ന അഭിപ്രായമാണ്.
വെളുപ്പിക്കൽ
കേരളത്തിലെ ബാങ്കുകളില്‍നിന്നടക്കം ആവശ്യപ്പെട്ട രേഖകള്‍ ഈയാഴ്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൊച്ചിയിലെ റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴി വലിയ തുക വെളിപ്പിച്ചെടുത്തെന്നാണ് ഇഡി കണ്ടെത്തല്‍.
2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി.
ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊക്കെയ്ൻ മൊഴി
ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കര്‍ണാടക സ്വദേശിയായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും ഇത്തരത്തില്‍ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കള്‍ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.