തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരെ ഉയർന്നു വന്ന പുതിയ ആരോപണം സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ടുലയുന്ന സർക്കാരിനേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബംഗളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡയയിൽ സജീവമായി.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് പലപ്പോഴും ബിനീഷും സഹോദരൻ ബിനോയിയും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ബിനോയിക്കെതിരെ ഉയർന്ന സാന്പത്തിക തട്ടിപ്പ് വിവാദം വളരെയേറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന് അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.
പിന്നീടാണ് ബിനോയിക്കെതിരെ പീഡന ആരോപണം ഉയരുന്നത്. ബിഹാറിലെ ഒരു യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ ടെസ്റ്റിന്റെ ഫലം ആണ് ഇനി അറിയാനുള്ളത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ബിനിഷ് കോടിയേരി അനധികൃതമായി പാസ്പോര്‍ട്ട് കൈപറ്റിയെന്ന് യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു.
മാത്രമല്ല ബിനീഷിനെതിരായ നിരവധി ക്രിമിനല്‍ കേസുകള്‍ കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായപ്പോള്‍ പിന്‍വലിച്ചുവെന്നും തിരുവഞ്ചൂർ ആരോപിച്ചു.
ബാംഗളൂരിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേരും ഉയർന്നുവന്നത് പാർട്ടിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുക.