യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കു അന്വേഷിക്കണമെന്ന് ബിജെപി. നടിക്കെതിരായ ആക്രമണത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നിസഹായനായി നോക്കി നില്‍ക്കുകയാണ്. കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനെന്നും എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന് പിന്തുടര്ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വെച്ചായിരുന്നു ആക്രമണം.
നടി സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറില്‍ കയറി. നടിയുടെ ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പാലാരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി, ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.