കോട്ടയം: കുമരകത്തെ നിശാ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗം നടന്നുവെന്ന ആരോപണത്തെപ്പറ്റിയുള്ള അന്വേഷണം പ്രഹസനമായേക്കും.
സംസ്ഥാനത്തും ഇതരസംസ്ഥാനത്തും വേരുകളുള്ള സംഘത്തെപ്പറ്റിയുള്ള അന്വേഷണം കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘത്തിനാണ്.
ഉന്നത സ്വാധീനുമുള്ളവരെപ്പറ്റിയുള്ള അന്വേഷണം പ്രഹസനമാകുമെന്ന ആരോപണം ശക്തമാണ്. ബംഗളൂരുവിൽ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന
ബിനീഷ് കോടിയേരി കുമരകം വിനോദ സഞ്ചാര മേഖലയിലെ നിശാ പാർട്ടിയിൽ പങ്കെടുത്തുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉന്നയിച്ചിരുന്നു.
കുമരകത്ത് പലതവണ എത്തിയ അനൂപും സംഘവും റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും പാർട്ടികൾ നടത്തിയിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ളവരാണു അധികവും പങ്കെടുത്തിരുന്നത്.
വേന്പനാട് കായലിൽ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകൾ സംഘടിപ്പിച്ചു നടത്തിയ പാർട്ടികളിൽ വലിയതോതിൽ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ട്.
കൊറോണ നിയന്ത്രണങ്ങൾ കർശനമായിരുന്ന ജൂണ്‍ 19നാണു കുമരകത്ത് നിശാപാർട്ടി സംഘടിപ്പിച്ചിരുന്നത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങൾ കുമരകത്തെ വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തി.
പലരെയും ചോദ്യം ചെയ്തെങ്കിലും തെളിവുകളോ വിവരങ്ങളോ ലഭിച്ചിട്ടില്ല. ലഹരിമരുന്നു കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരിയും ജൂണ്‍ 19നു കുമരകത്തു നടന്ന നൈറ്റ് പാർട്ടിയിൽ പങ്കെടുത്തുവെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. ഇതേ തുടർന്നാണു പോലീസ് പരിശോധന നടത്തിയത്.