ജോണ്സണ് വേങ്ങത്തടം
കൊച്ചി: മയക്കുമരുന്നു കടത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ബംഗളൂരില്‍ അറസ്റ്റുചെയ്തോടെ മലയാള സിനിമയിലെ പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ ഏജന്‍സികള്‍.
ബിനീഷ് കോടിയേരിയുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമയും അണിയറ ബന്ധമുള്ളവരെയുമാണു നോട്ടീസ് നല്കി വിളിപ്പിക്കുന്നത്. ഇതുപ്രകാരം മലയാള സിനിമയിലെ ഒരു നിര്‍മാതാവ് ഉള്‍പ്പെടെ ഏതാനും പേര്‍ക്കു നോട്ടീസ് നല്‍കിക്കഴിഞ്ഞതായി അറിയുന്നു.
കോട്ടയംകാരനും
കോട്ടയത്തുള്ള ഒരു നിര്‍മാതാവിനും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇദ്ദേഹത്തിന്റെ സിനിമയില്‍ ബിനീഷാണ് മുതല്‍ മുടക്കിയതെന്ന സൂചന ലഭിച്ചതോടെയാണിത്.
കൂടാതെ ലഹരിമരുന്നുമായി ബന്ധപ്പെട്ട സംശയങ്ങളും നോട്ടീസിനു പിന്നിലുണ്ട്. സംസ്ഥാനത്ത് ഇതിനകം നാലു പേര്‍ക്കു നോട്ടീസ് നല്കി കഴിഞ്ഞതായിട്ടാണ് അറിയുന്നത്.
മയക്കുമരുന്നു കേസില്‍ മാത്രമല്ല, പണമിടപാടിലും, പണത്തിന്റെ ഉറവിടത്തെ ക്കുറിച്ചും സംശയമുള്ള സിനിമ പ്രവര്‍ത്തകരെയാണു നോട്ടീസ് നല്കി വിളിപ്പിക്കുന്നത്.
സിനിമാബന്ധം
രാഷ്്ട്രീയത്തെക്കാള് ബിനീഷിനു മലയാള സിനിമയുമായി ബന്ധമുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളോടൊപ്പംവരെ അഭിനയിക്കാനും അവരുടെ സിനിമയില്‍ സഹായിക്കാനും ബിനീഷിനു കഴിഞ്ഞിരുന്നു.
ഇതു കൂടാതെ മലയാള സിനിമയിലെ ഒരു താരമായി ബിനീഷ് ഉയര്‍ന്നു വരികയും ചെയ്തിരുന്നു. അഭിനയത്തേക്കാള്‍ സിനിമാ സെറ്റുകളെ നിയന്ത്രിക്കുന്ന വ്യക്തിയായി ബിനീഷ് മാറിയിരുന്നു. ഇതെല്ലാം എന്‍ഫോഴ്സ്മെന്റും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും പരിശോധിക്കുകയാണ്.
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപുമായിട്ടുള്ള ബീനിഷിന്റെ ബന്ധം വളരെ വ്യക്തമായി കഴിഞ്ഞു. ബിനീഷ് ബോസാണെന്നാണ് അനൂപിന്റെ വെളിപ്പെടുത്തല്‍.
അനൂപിനു മലയാള സിനിമയിലേക്കും കൊച്ചിയിലെ നിശാപ്പാര്ട്ടികള്ക്കും മയക്കുമരുന്നു വിതരണം ചെയ്യുന്നതില്‍ നിര്‍ണായക വേഷമുണ്ടായിരുന്നു. ഇതെല്ലാം ഇതിനകം നാര്‍ക്കോട്ടിക് കണ്ടെത്തി കഴിഞ്ഞു. ഇതാണ് മലയാള സിനിമയിലേക്ക് അന്വേഷണം വ്യാപിക്കുന്നത്.
അനൂപ് മയക്കുമരുന്നു കടത്തിയെന്നു സംശയിക്കുന്ന തിരുവനന്തപുരം രജിസ്ട്രേഷനുള്ള ബുള്ളറ്റ് ആന്റി നാർക്കോട്ടിക് സംഘം പിടിച്ചെടുത്തു.
സിനിമാ ലഹരി
മലയാള സിനിമയിലേക്ക് കൊച്ചി കേന്ദ്രീകരിച്ചു മയക്കുമരുന്നു വിതരണം ശക്തമായിരുന്നുവെന്ന കണ്ടെത്തലാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെടും.
മലയാള സിനിമാ മേഖലയിലും ബിനീഷിന്റെ ബെനാമി അനൂപിനും ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണു നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നത്.
മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകള്‍ നര്‍കോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുകയാണ്. ഇവരിലാര്‍ക്കെങ്കിലും അനൂപുമായും ബിനീഷുമായും ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
കൂടുതലും നടിമാർ
ലോക്ഡൗണ്‍ കാലത്താണ് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്കു കൂടുതല്‍ ലഹരി ഒഴുകിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്. കന്നഡ സിനിമാ മേഖലയില്‍ നടന്മാരേക്കാള് കൂടുതല്‍ നടിമാരാണ് ഇവരുടെ വലയില്‍ പെട്ടിരുന്നത്.
സമാന രീതിയില്‍ മലയാള സിനിമാരംഗത്തു ലഹരി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണു പ്രാഥമിക വിവരം. കളിപ്പാവകള്‍ ഉള്‍പ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണു കന്നഡ സിനിമാ രംഗത്തുള്ളവര്‍ക്കു സംഘം ലഹരിയെത്തിച്ചിരുന്നത്.
ഇതേ സമയം കള്ളപ്പണം, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിനായി മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും രംഗത്തുണ്ട്.