തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ കൂടുന്നു.
വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം കൂടുന്നത്.ബിനീഷ് കോടിയേരി പ്രശ്നം യോഗത്തിന്റെ അജണ്ടയിലില്ലെന്നാണ് കേന്ദ്ര നേതാക്കൾ വ്യക്തമാക്കുന്നത്.
വിഷയം ആരെങ്കിലും യോഗത്തിൽ ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്തേക്കും എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നതെങ്കിലും ബിനീഷ് കോടിയേരിയുടെ അറസ്റ്റ് വിഷയം യോഗത്തിൽ ഉയരാൻ തന്നെയാണ് സാധ്യത. ഇന്നും നാളെയുമായാണ് യോഗം ചേരുക.
സ്വർണക്കടത്ത് വിഷയത്തിൽ പാർട്ടി നിലപാട് മുന്പേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
. മുഖ്യമന്ത്രി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാaടാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്ററും സ്വീകരിച്ചത്. എം.ശിവശങ്കറിന്റെ ചെയ്തികൾക്ക് സർക്കാരിന് ഉത്തരവാദിത്വമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയത്.
ബിനീഷിന്റെയും ശിവശങ്കറിന്റെയും വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനാൽ ഇവ കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക വിഷയമായി വരാൻ സാധ്യതയില്ല.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായത് സംബന്ധിച്ച് പാർട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നാണ് സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടത്.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ചും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. സഖ്യത്തിന് സിപിഎം പോളിറ്റ് ബ്യൂറോ പച്ചക്കൊടി കാട്ടിയിരുന്നു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ ഞായറാഴ്ച സീതാറം യെച്ചൂരി വിശദീകരിക്കും.