ചങ്ങനാശേരി: പോലീസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി നിലയുറപ്പിച്ചത് അഞ്ചു മണിക്കൂർ. മാന്താനം കുന്നുംപുറത്ത് വീട്ടിൽ ബിനീഷ്(32) ആണ് പോലീസിനേയും ഫയർഫോഴ്സിനേയും നഗരവാസികളേയും മുൾമുനയിൽ നിർത്തി ടവറിനു മുകളിൽ നിലയുറപ്പിച്ചത്.
ഇന്നലെ രാവിലെ 11.30നാണ് ഇയാൾ ചങ്ങനാശേരി മതുമൂലയ്ക്കടുത്തുള്ള വേഴയ്ക്കാട്ടുചിറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കുളങ്ങര ടവറിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎലിന്റെ 70 അടിയോളം ഉയരമുള്ള ടവറിൽ കയറിയത്.
ഇയാൾ ടവറിലേക്കു കയറിയപ്പോൾ സമീപത്തുണ്ടായിരുന്ന വർക്ഷോപ്പ് ജീവനക്കാരെ കൈകൊട്ടി വിളിച്ചു. പക്ഷേ ടവറിൽ അറ്റകുറ്റപ്പണികൾ നടത്താൻ കയറുന്ന ജീവനക്കാരനാണെന്നാണ് അവർ കരുതിയത്.
ഉച്ചയ്ക്ക് ഒന്നിന് ബിനീഷ് തന്റെ മൊബൈൽ ഫോണിൽ നിന്നും ചങ്ങനാശേരി ഫയർഫോഴ്സ് സ്റ്റേഷനിലേക്ക് വിളിച്ച് താൻ തിരുവല്ല പോലീസിന്റെ പീഡനം സഹിക്കവയ്യാതെ മാനസികമായി തകർന്ന് വേഴയ്ക്കാട്ടുചിറയിലുള്ള ടവറിന്റെമുകളിൽ കയറിയതായും തന്നെ രക്ഷിച്ചില്ലെങ്കിൽ ടവറിൽനിന്നും ചാടിമരിക്കുമെന്നും പറഞ്ഞു. ഉടൻ ഫയർഫോഴ്സ് ചങ്ങനാശേരി പോലീസിൽ വിവരം അറിയിച്ചു. പോലീസ് സംഭവസ്ഥലം സന്ദർശിച്ചശേഷം യുവാവ് ടവറിലുണ്ടെന്നു ഫയർഫോഴ്സിനെ അറിയിച്ചു.
പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പലതവണ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചിട്ടും ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇയാളുടെ നാട്ടുകാരും സുഹൃത്തുക്കളും ടവറിനു ചുവട്ടിലെത്തി ഇയാളെ ഫോണിൽ വിളിച്ച് താഴെയിറങ്ങാൻ ആവശ്യപ്പെട്ടിട്ടും വിഫലമായി.
തിരുവല്ല, പുളിക്കീഴ് സ്റ്റേഷനിലെ പോലീസുകാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കള്ളക്കേസെടുക്കകയും ചെയ്തതായും അതിനാൽ തിരുവല്ല സിഐ എത്തിയാൽ മാത്രമേ ടവറിൽ നിന്നിറങ്ങുകയുള്ളൂവെന്നും ബിനീഷ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ഫോണിൽ വിളിച്ചവരോടും യുവാവ് ഇക്കാര്യം പറഞ്ഞു. ഇതിനിടയിൽ നഗരത്തിലെ അഭിഭാഷകനായ പി.മാധവൻപിള്ള എത്തി ഫോണിൽ ബിനീഷിനെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
ഫയർഫോഴ്സ് സേനാംഗങ്ങൾ ടവറിൽ കയറാൻ ശ്രമിച്ചപ്പോഴൊക്കെ ബിനീഷ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതുമൂലം ഇവർ ഈ ശ്രമം ഉപേക്ഷിച്ചു. പോലീസുമായുള്ള പ്രശ്നങ്ങളെല്ലാം ചർച്ചചെയ്തുപരിഹരിക്കാമെന്നും ടവറിൽ കയറിയതിന്റെ പേരിൽ പോലീസ് ഉപദ്രവിക്കില്ലെന്നും വീണ്ടും മാധവൻപിള്ള ഫോണിൽ ബിനീഷിന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം നാലിന് ഇയാൾ ഇറങ്ങി വന്നു.
താൻ സ്നേഹിക്കുന്ന യുവതിയെ തിരുവല്ല പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നും ഈ സ്റ്റേഷനിലെ ഒരു പോലീസുകാരൻ ഈ യുവതിയെ ഭീഷണിപ്പെടുത്തിയതായും ബിനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് താൻ ചോദ്യം ചെയ്തപ്പോൾ പോലീസ് തന്നെ തുടർച്ചയായി വേട്ടയാടുകയാണെന്നും ഇതിൽ മനംനൊന്താണ് താൻ ടവറിൽ കയറിയതെന്നും ബിനീഷ് പറഞ്ഞു.
ബിനീഷിന്റെ പേരിൽ കേസുകളുള്ളതായും റിമാൻഡിൽ കഴിഞ്ഞിട്ടുള്ളതായും ചങ്ങനാശേരി പോലീസ് പറഞ്ഞു. ചങ്ങനാശേരി ഫയർസ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫും ഫയർസ്റ്റേഷൻ ജീവനക്കാരും ചങ്ങനാശേരി എസ്ഐ മനു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
എന്നാൽ വേഴക്കാട്ട് ബിനീഷ് പുളിക്കീഴ് സ്റ്റേഷനിലെ ഫർണിച്ചറുകൾ അടിച്ചു തകർത്ത കേസിൽ മൂന്നു മാസം മുൻപ് 13 ദിവസം റിമാൻഡിൽ കഴിഞ്ഞ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കാറിൽ കാമുകിയോടൊപ്പം പുളിക്കീഴിൽ എത്തുകയും നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റു ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്രേ. ബിനീഷിന്റെ പോലീസിനെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും പോലീസ് പറഞ്ഞു.