കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
നിലവില്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളത്. ഈ മൊഴികളിൽ വ്യക്തത വരുത്താൻ അടുത്തയാഴ്ച വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.
സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല, ബിനാമി ബന്ധം അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ 11 മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്നലെ വൈകുന്നേരത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലില്‍ പങ്കു ചേര്‍ന്നു. ബിനീഷിന്റെ മൊഴി ഇദേഹം വിശദമായി വിശകലനം ചെയ്തു.
ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. യുഎഇ കോണ്സലേറ്റിലെ വിസ സ്റ്റാമ്പിംഗ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.
കഴിഞ്ഞ ഒരുമാസമായി ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കമ്പനികളുടെ മറവില്‍ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
ബംഗളൂരുവിലെ ബി കാപ്പിറ്റല്‍ ഫൈനാല്ഷല് സൊലൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.