സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമികളും ബിസിനസ് പങ്കാളികളുമെന്നു കരുതുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.
ബിനീഷ് കോടിയേരിയുടെ 2012 മുതൽ 2019 വരെയുള്ള രണ്ടു സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും ഇഡി ശേഖരിച്ചു പരിശോധിച്ചു വരുന്നു.
ബിനീഷിന്റെ മുഖ്യ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന കാർപാലസ് ഉടമ അബ്ദുൾ ലത്തീഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവർക്ക് ഹാജരാവാൻ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായില്ല.
അബ്ദുൾ ലത്തീഫിന്റെ ഫോണ് ഓഫ് ചെയ്ത നിലയിലാണ്. ലത്തീഫ് ഒളിവിലാണെന്ന് ഇഡി പറയുന്നു.
ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ലത്തീഫിനോട് ഹാജരാകാൻ നിർദേശിച്ചത്. ക്വാറന്റൈനിലാണെന്ന് കാട്ടി കഴിഞ്ഞ രണ്ടുവരെ ലത്തീഫ് സമയം ചോദിച്ചിരുന്നു.
ബിനീഷിന്റെ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അൽജസാമിന്റെ വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തിയ ഇഡി നിരവധി രേഖകൾ കണ്ടെടുത്തു. അരുവിക്കര വട്ടംകുളം സ്വദേശിയായ അൽജസാമിന്റെ പിതാവ് നേരത്തേ ഗൾഫിലായിരുന്നു. സഹോദരങ്ങളും ഗൾഫിലാണ്.
മാൻപവർ കണ്സൾട്ടൻസി ഉൾപ്പെടെയുള്ള ബിസിനസുകൾ അൽജസാമിനുണ്ട്. ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, പുതുച്ചേരി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറുകൾ അൽജസാം ഉപയോഗിച്ചിരുന്നു.
ബിനീഷിന്റെ കാറുകൾ അൽജസാമിന്റെ ബിനാമി പേരിലാണെന്നാണു കണ്ടെത്തൽ. അരുവിക്കര വട്ടക്കുളം സ്വദേശി അബ്ദുൽ ജബാറിന്റെ ബാങ്ക് ലോക്കറിൽ നിന്ന് 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും കണ്ടെത്തി.
മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് നടത്തിയിരുന്ന ഹയാത്ത് ഹോട്ടലിന്റെ പാർട്ണറായിരുന്ന കാപ്പാട് സ്വദേശി റഷീദിനെയും ഇഡി തേടുകയാണ്. ഹോട്ടലിൽ 30 ശതമാനം ഓഹരി റഷീദിനായിരുന്നുവെന്നാണു കണ്ടെത്തൽ.