കൊച്ചി: ബിനീഷ് കോടിയേരി നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷിന്റെ ബാങ്ക് ഇടപാടുകളടക്കം പരിശോധനയ്ക്കു വിധേയമാക്കുന്ന അന്വേഷണസംഘം പണം എവിടെനിന്നു ലഭിക്കുന്നുവെന്നുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.
ഇതുസംബന്ധിച്ച ഏതാനും വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ബിനീഷിന്റെ അക്കൗണ്ടിലേക്കു ലക്ഷക്കണക്കിനു രൂപ എത്തിയതായി ഇഡി കണ്ടെത്തിയതായാണു സൂചന.
ഇതുസംബന്ധിച്ച വിവരങ്ങളടക്കമാണു ബിനിഷില്നിന്ന് ആരാഞ്ഞത്. മുഹമ്മദ് അനൂപിന് അടക്കം പണം നൽകിയതാണ് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഈ ലക്ഷക്കണക്കിനു രൂപയുടെ ഉറവിടം വ്യക്തമായിട്ടില്ല.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെയാണു പണം ലഭിക്കുന്നതെന്നു ബിനീഷ് മൊഴി നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഇതു പൂര്‍ണമായും അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി ഇത്രയധികം രൂപ എവിടെനിന്നു ലഭിച്ചുവെന്നുള്ള വിവരങ്ങളും അധികൃതര്‍ അന്വേഷിച്ചുവരികയാണ്. കക്ഷി രാഷ്്ട്രീ ഭേദമെന്യേ ബിനീഷ് ഇടനിലനിന്നു നിരവധി ഇടപാടുകള്‍ നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും അന്വേഷണസംഘം ബിനീഷിനു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല. ബിനീഷിന്റെ മറുപടികള്‍ പരിശോധിക്കാതെ ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്നാണു ഇഡി പറയുന്നത്.
ബിനീഷില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസ് സംരംഭങ്ങളെക്കുറിച്ചുമെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി അന്വേഷിച്ചു വരികയായിരുന്നു.
ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളില്നിന്നടക്കം മൊഴികള്‍ ശേഖരിക്കുകയും ചെയ്തിരുന്നതായാണു വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിച്ചിരുന്നു.
അതിനിടെ, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്സികളൊടൊപ്പം ലഹരിക്കടത്ത് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും കൈകോര്‍ക്കുമ്പോള്‍ വരുംദിവസങ്ങളില്‍ ശക്തമായ നടപടികളിലേക്കു കടക്കാന്‍ സാധ്യതയേറി.
ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് അനൂപുമായി വളരെയടുത്ത ബന്ധമാണ് ബിനീഷിനുള്ളതെന്നു അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അനൂപിനെ കാണാൻ ബിനീഷ് വെണ്ണലയിലെ വീട്ടിൽ വന്നിട്ടുണ്ടെന്ന് അനൂപിന്റെ അച്ഛൻ പറഞ്ഞിരുന്നു.
എന്നാൽ, അനൂപിനു കടം കൊടുത്തതാണെന്നും അയാളുടെ ബിസിനസിലൊന്നും തനിക്ക് പങ്കാളിത്തമില്ലെന്നുമുള്ള വാദമാണ് ആദ്യം മുതൽ ബിനീഷ് ഉയർത്തിക്കൊണ്ടിരിക്കുന്നത്.