ബംഗളുരൂ: കസ്റ്റഡിയിൽ കഴിയുന്ന ബിനീഷിനെ കാണാൻ ഇന്നലെ സഹോദരൻ ബിനോയി കോടിയേരി അഭിഭാഷകർക്കൊപ്പം എത്തിയെങ്കിലും കൂടിക്കാഴ്ച അനുവദിച്ചില്ല.
അരമണിക്കൂർ കാത്തുനിന്നിട്ടും അധികൃതർ സമ്മതിക്കാത്തതിനെത്തുടർന്ന് അഭിഭാഷകരും ഇഡി അധികൃതരുമായി വാക്കുതർക്കമുണ്ടായി.
തുടർന്ന് ഇഡി ലോക്കൽ പോലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ ബിനീഷിനെ കാണാതെ ബിനോയിക്കും അഭിഭാഷകർക്കും മടങ്ങേണ്ടിവന്നു.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്നായിരുന്നു ഇഡിയുടെ നിലപാട്.
ബിനീഷിന് തിരുവനന്തപുരത്തും കണ്ണൂരിലും ഭൂമിയും വീടും
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം ശാസ്തമംഗലം വില്ലേജിലും കണ്ണൂർ ചൊക്ലി വില്ലേജിലുമായി ഭൂമിയും വീടുമുണ്ടെന്നു പ്രാഥമിക റിപ്പോർട്ട്. കൂടാതെ ചില ഹോട്ടലുകളിൽ നിക്ഷേപവുമുണ്ട്.
രജിസ്ട്രേഷൻ വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ഭൂമി 2014ലും കണ്ണൂരിലെ ഭൂമി 2018ലുമാണു വാങ്ങിയത്.
ബിനീഷിന്റെ വസ്തുവകൾ സംബന്ധിച്ച രേഖകൾ തേടിയുള്ള ഇഡിയുടെ ആവശ്യത്തെത്തുടർന്നാണ് രജിസ്ട്രേഷൻ വകുപ്പു പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. വിശദ റിപ്പോർട്ടിന് ജില്ലാ രജിസ്ട്രാർമാർക്ക് കത്തു നൽകിയിട്ടുണ്ട്.