കൊച്ചി: ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്നും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച വനിതയെ തേടിയുള്ള അന്വേഷണം നീളുന്നതു ബിനീഷിന്റെ ബന്ധുവിലേക്ക്.
ബിനീഷിന്റെ ഭാര്യയാണോ, ഭാര്യാമാതാവാണോ ബന്ധുക്കളില്‍ മറ്റെങ്കിലുമാണോ എന്ന സംശയത്തിലേക്കാണ് നീളുന്നത്. ഇഡി പിടിച്ചെടുത്ത കാര്‍ഡ് തിരുവനന്തപുരത്തു വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഈ കാര്‍ഡ് ബിനീഷും അദേഹത്തിന്റെ ബന്ധുവായ സ്ത്രീയും ഉപയോഗിച്ചിട്ടുണ്ട്. ഇഡിക്കു ഈ കാര്‍ഡ് ഉപയോഗിച്ച വനിതയെകുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് അറിയുന്നത്.
ഇവര്‍ ബിനീഷിന്റെ അടുത്ത ബന്ധുവാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇഡി കൊണ്ടുവന്നിട്ടതാണെന്ന ആരോപണം ഉയര്‍ത്തുമ്പോഴും ഈ കാര്‍ഡ് എങ്ങനെ ബിനീഷും ബന്ധുവും ഉപയോഗിച്ചുവെന്നാണ് പ്രശ്നം.
ഇതിനുമറുപടി നല്‍കേണ്ടിവരും. കൂടാതെ ഈ കേസില്‍ ബിനീഷിനെ കൂടാതെ ബന്ധുവായ സ്ത്രീയും അകത്താകുമെന്നാണ് സൂചനയും പുറത്തു വരുന്നു.
കാർഡ് എങ്ങനെ എത്തി
ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഈ കാര്‍ഡ് ഉപയോഗിച്ച സമയങ്ങളിലൊന്നും അനൂപ് ഈ നാട്ടില്‍ ഇല്ലായിരുന്നു. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി.
കാര്‍ഡ് നല്കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇഡി ശേഖരിച്ചു. മുഹമ്മദ് അനൂപിനെ മുന്നില്‍നിര്‍ത്തി ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ വരെ വിവരങ്ങള്‍ ശേഖരിച്ചത്.
മൊഴിയിൽ ഉറച്ച് ബന്ധുക്കൾ
ബിനീഷിന്റെ മുറിയില്‍ നിന്നാണ് കാര്‍ഡ് കിട്ടിയതെന്നാണ് ഇഡി വെളിപ്പെടുത്തുന്നത്. ബാങ്കിലെ ഇടപാടുകള്‍ തെളിവായി നില്ക്കുമ്പോള് ഡെബിറ്റ് കാര്‍ഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിര്‍മിക്കേണ്ടതില്ല എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള സൂചനകളായി ലഭിക്കുന്നത്.
അനൂപിന്റെ കാര്‍ഡ് ആണെങ്കില്‍ അത് തങ്ങള്‍ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാര്‍ഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തില്‍ ഉറച്ച് നില്ക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങളും ഇഡിക്ക് മുന്നിലുണ്ട്.
റെനീറ്റ കളവു പറയുന്നതായും മിനി തെളിവുകള്‍ നശിപ്പിച്ചതായും ഇഡിക്ക് സംശയം വന്നാല്‍ ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാന്‍ സാധ്യത കൂടുന്നു.
ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പോലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകള്‍ കൂടി അടയും.
കേസ് അട്ടിമറിക്കാന്‍ ബിനീഷ് ശ്രമിക്കും എന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടാണ് സാധ്യത.